Skip to main content
മറൈൻഡ്രൈവിൽ നടക്കുന്ന  സഹകരണ എക്സ്പോയുടെ ഭാഗമായി നടത്തിയ സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക വികസനവും സെമിനാർ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ച്ചെയ്യുന്നു.

തദ്ദേശ സ്ഥാപനങ്ങൾക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയിൽ സഹകരണ മേഖലയെ ഉപയോഗിക്കാനാകണം: മന്ത്രി എം വി ഗോവിന്ദൻ

 

      തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയിൽ സഹകരണമേഖലയെ ഉപയോഗപ്പെടുത്താൻ കഴിയണമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

       എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക വികസനവും എന്ന  സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

          സംവിധാനങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും, സഹകരണ മേഖലയും പ്രാദേശിക ഗവൺമെന്റും തമ്മിൽ ബന്ധം വേണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിലുള്ള സ്വയംഭരണാവകാശം നേടാൻ നമുക്ക് സാധിക്കണം. വിപുലപ്പെടുന്ന ആഭ്യാന്തര കമ്പോളം കേരളത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

       മുൻ സഹകരണ വകുപ്പ് മന്ത്രി എസ് ശർമ അധ്യക്ഷത വഹിച്ച സെമിനാറിൽ കില മുൻ ഡയറക്ടർ ഡോ. രമാകാന്തൻ പ്രബന്ധാവതരണം നടത്തി.

      സെമിനാറിനോടനുബന്ധിച്ച് തടുക്കാശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കേരളശ്രീ ആയുർവേദിക്സ് ലോഗോ പ്രകാശനം മന്ത്രി എം.വി ഗോവിന്ദൻ നിർവഹിച്ചു. കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ഉത്പന്നമായ വനമാലിക കുന്തിരിക്കതിരിയുടെ പ്രോഡക്ട് ലോഞ്ചിംഗും മന്ത്രി നിർവഹിച്ചു.

       ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മെമ്പർ ഡോ.ജിജു പി.അലക്സ് ,  കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ സായികുമാർ , മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, റെയ്സ് - കോ ചെയർമാൻ വത്സലൻ പനോളി , വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

date