വായന സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്നു: ടി പത്മനാഭന്
എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ മനുഷ്യനെ സൃഷ്ടിക്കാന്‍ വായനക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് പ്രശസ്ത എഴുത്തുകാരന് ടി. പത്മനാഭന് പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പും, ലൈബ്രറി കൗണ്‍സിലും, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പും കണ്ണൂര്‍ ശക്ഷക് സദനില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് വായനക്കുള്ള സാഹചര്യം കുറഞ്ഞു വരികയാണെന്നും പഴയ കാലത്ത് അധ്യാപകര്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിക്കൊണ്ട് ഓരോ വിദ്യാര്‍ത്ഥിയിലും വായനാശീലം വളര്‍ത്തിയെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിപുരാതന പുസ്തകങ്ങളിലും മതഗ്രന്ഥങ്ങളിലും വരെ വായനയെക്കുറിച്ച് പറയുന്നുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കാല്‍നടയായി നടന്ന് ജനങ്ങളില്‍ വായനയുടെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് പി.എന്‍. പണിക്കര്‍. പണ്ട് കൂട്ടുകുടുംബങ്ങളില്‍ മുത്തശ്ശിമാര്‍ ചൊല്ലിക്കൊടുക്കുന്ന കഥകള്‍ കേട്ടു കൊണ്ടാണ് തങ്ങളുടെ തലമുറയിലെ കുട്ടികള്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ വായിക്കുവാനുള്ള അഭിലാഷം തങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യം മാറി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറി. അവര്‍ക്കിടയില്‍ കഥ പറച്ചിലും വായനയും കുറഞ്ഞു. ഈ അവസ്ഥ മാറണം. കുഞ്ഞുങ്ങള്‍ക്ക് കഥ പറഞ്ഞു കൊടുത്ത് അവരെ വായനയുടെ ലോകത്തിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും വായനാക്കുറിപ്പ് രചനാ മത്സരവും നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. ജയബാലന്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് മുഖ്യാതിഥിയായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, സെക്രട്ടറി പി.കെ. ബൈജു, എസ്.എസ്.എ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ആര്. അശോകന്, കോര്പ്പറേഷന് കൗണ്‍സിലര്‍ ഇ. ബീന, വിദ്യാരംഗം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം. വസന്തന്, ടി.ടിഐ. പ്രിന്‍സിപ്പല്‍ കെ.വി. ഹരിദാസ്, കാന്‍ഫെഡ് ജില്ലാ സെക്രട്ടറി ആര്. പ്രഭാകരന്, പയ്യന്നൂര്‍ കുഞ്ഞിരാമന്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments