Skip to main content

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തണം ; സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണം -  മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് 

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തി സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുവിദ്യാഭ്യാസവകുപ്പ്, ഇന്‍ഫര്‍മേഷന്‍  ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ എന്നിവ സംഘടിപ്പിച്ച വായനാപക്ഷാചരണം സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വായനാസംസ്‌കാരത്തില്‍ ആധുനികവും സാമ്പ്രദായികവുമായ രീതിയുണ്ട്. ഇത് പരസ്പര പൂരകമാക്കണം. അതിനാല്‍ പുതിയ തലമുറ വായന പ്രചരിപ്പിക്കണം. എല്ലാ വായനയും ഒരേ നിലയില്‍ കാണാനോ വിലയിരുത്താനോ പാടില്ല. വായന നിഷ്‌കളങ്കവും നിരുപദ്രവവും നേര്‍ രേഖയിലുള്ളതുമാണ്. എന്തു വായിക്കണം, എങ്ങനെ വായിക്കണം എന്നുള്ളത് നവോത്ഥാന കാലഘട്ടത്തില്‍ രൂപപ്പെട്ടതാണെന്നും വായനയുടെ സങ്കല്പത്തെ തന്നെ മാറ്റിമറിച്ചത് നവോത്ഥാന കാലത്താണെന്നും വായനയുടെ സമീപനവും ദര്‍ശനവും രാഷ്ട്രീയവുമെല്ലാം ഉരുത്തിരിഞ്ഞത് ഇതിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. 
    വായനയില്‍ സൗഹൃദ  നിലനിര്‍ത്തുകയാണ് വേണ്ടത്. ഇത് ശരിയായ ദിശോബോധത്തോടെയുള്ള അറിവ് വളര്‍ത്തും. വായനക്കാരന്‍ കൃതിയുടെ ഉള്ളിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് അയാള്‍ക്ക് അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനാവുന്നത്. വായനയെ ഇന്നത്തെ ചിലരീതികള്‍ ലളിതവത്ക്കരിച്ചതിലൂടെ ശരിയായ അറിവ് വായനക്കാരന് നഷ്ടപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അക്ഷരവൈരികള്‍ ശക്തിപ്പെടുന്ന ഇക്കാലത്ത് വായനയിലൂടെ ശരിയായ ആശയങ്ങളും വാക്കുകളും പ്രത്യയശാസ്ത്രവും രൂപപ്പെടണമെന്നും നമ്മുടെ സംസ്‌കാരം വായനയുടേതാണെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മികച്ച അധ്യാപകരെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുരളി പെരുനെല്ലി എംഎല്‍എ മികച്ച സ്‌കൂളുകളെ ആദരിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഐ.വി. ദാസ് അനുസ്മരണം നടത്തി. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലാലി ജെയിംസ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സുനില്‍ ലാലൂര്‍, പിആര്‍ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോഹനന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ആര്‍.മല്ലിക, സര്‍വ്വശിക്ഷാഅഭിയാന്‍ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ബിന്ദുപരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ടി.വി അനുപമ സ്വാഗതവും ഡോ, രതീഷ് കാളിയാടന്‍ നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ തല വായനമഹോത്സവം, സര്‍ഗശില്പശാല, കുട്ടികളുടെ കേരള സാഹിത്യ അക്കാദമി ലൈബ്രറി സന്ദര്‍ശനം, കുട്ടികളുമായി എഴുത്തുകാരുടെ സര്‍ഗസംവാദം, സര്‍ഗ്ഗ സദസ് എന്നിവയും സംഘടിപ്പിച്ചു.
 

date