അംഗപരിമിതരുടെ ക്ഷേമത്തിനായി പരിരക്ഷ
അംഗപരിമിതര്‍ക്ക് അടിയന്തര ഘട്ടത്തില്‍ സഹായം നല്‍കുന്നതിനായി നടപ്പ് സാമ്പത്തിക വര്‍ഷം 70 ലക്ഷം രൂപ വകയിരുത്തി അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അംഗപരിമിതര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പരിരക്ഷ എന്ന പേരിലുള്ള പദ്ധതി അംഗപരിമിതരുടെ ക്ഷേമത്തിനായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.
പരിരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് എല്ലാ ജില്ലകളിലും മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. കോഴിക്കോട് ജില്ലയിലെ രൂപീകരണ യോഗം ഈ മാസം 11 ന് രാവിലെ 10 മണിക്ക് കലക്ടറുടെ ചേമ്പറില്‍ ചേരും. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനറുമായാണ് കമ്മറ്റി രൂപീകരിക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ഡെല്‍സ, അംഗപരിമിതരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മറ്റി.
സ്ത്രീ, പുരുഷ, ഭിന്നലിംഗ ഭേദമന്യേ എല്ലാ അംഗപരിമിതര്‍ക്കും പരിരക്ഷ ലഭ്യമാക്കും. അടിയന്തര സാഹചര്യത്തില്‍ നല്‍കുന്ന സേവനമായതിനാല്‍ ദാരിദ്ര്യരേഖ പരിധി വേര്‍തിരിവ് ഒഴിവാക്കും. ആവശ്യത്തിനായി ഓരോ ജില്ലക്കും ആകെ അഞ്ച് ലക്ഷം രൂപ വീതം നല്‍കും. പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, വസ്ത്രം, ഭക്ഷണം നല്‍കല്‍ തുടങ്ങിയ അടിയന്തര കാര്യങ്ങള്‍ക്ക് തുക വിനിയോഗിക്കും. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന അംഗപരിമിതര്‍, പ്രകൃതി ദുരന്തത്തിന് ഇരയാവുന്നവര്‍, ആസിഡ് ആക്രമണമോ പൊള്ളലോ ഏല്‍ക്കുന്നവര്‍ എന്നിവര്‍ക്കും അടിയന്തര സഹായം ലഭിക്കും. 40 ശതമാനത്തിനും അതിനു മുകളിലും വൈകല്യം ഉള്ളവര്‍ക്കും വൈകല്യ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയവര്‍ക്കുമാണ് സേവനം നല്‍കുക. പ്രാഥമിക ചികിത്സയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സകര്യം ഒരുക്കും.
- Log in to post comments