എറണാകുളം അറിയിപ്പുകള്
ഹജ് തീര്‍ത്ഥാടകര്‍ക്കുള്ള വാക്സിനേഷന് ജൂലായ് 10 നും 12 നും
എറണാകുളം ജില്ലയില്‍ നിന്നും ഇത്തവണ ഹജ് തീര്‍ത്ഥാടനത്തിന് പോകുന്ന ഹാജിമാര്‍ക്കുള്ള വാക്സിനേഷന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെച്ച്ജൂലായ് 10, 12 എന്നീ തിയതികളില്‍ നടത്തുന്നതാണ്
സ്വകാര്യ ഏജന്‍സികള്‍ വഴി പോകുന്നവര്‍ക്ക് ജൂലായ് 10 ചൊവ്വാഴ്ച്ചയും, സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവര്‍ക്ക് ജൂലായ് 12 വ്യാഴാഴ്ച്ചയുമാണ് വാക്സിനേഷന്. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് വാക്സിനേഷന് നടത്തുന്ന സമയം.
എറണാകുളം ജില്ലയില്‍ താമസിക്കുന്നവരാണെന്ന് തെളിയിക്കുന്നതിനാവശ്യമായ തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം.
ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
കെ. ടെറ്റ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം
കാക്കനാട്: ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ 2017 ഡിസംബറില്‍ കെ. ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായ പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കി ജൂലൈ 13നകം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം
കാക്കനാട്: ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 12 മുതല്‍ 25 ദിവസത്തെ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം നല്‍കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. തൃക്കാക്കര മുന്‍സിപ്പാലിറ്റിക്കു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന എം.എ.എ.എം. എല്‍.പി. സ്കൂളിലാണ് പരിശീലനം. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് നടത്തുന്ന പരിശീലനത്തില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും. താല്പര്യമുള്ളവര് രേഖകള്‍ സഹിതം ജൂലൈ 10ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2422458.
ഭിന്നലിംഗക്കാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം
കാക്കനാട്: സാമൂഹ്യനീതി വകുപ്പ് ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്ക് നടപ്പാക്കുന്ന രണ്ടാം ഘട്ട തിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസമാക്കിയ ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, എറണാകുളം ജില്ലയില്‍ സ്ഥിരതാമസമാണെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത ഫോമില്‍ അപേക്ഷിക്കണം. ഇലക്ഷന് ഐ.ഡി. കാര്‍ഡ്, ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഇവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാം. അപേക്ഷാ ഫോം ജില്ലാ സാമൂഹ്യനീതി ഓഫീസിലും sjd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ ജൂലൈ 28നകം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.
അന്തര്‍ദേശീയ സഹകരണ ദിനാചരണം 11ന്
കാക്കനാട്: അന്തര്‍ ദേശീയ സഹകരണദിനാചരണത്തോടനുബന്ധിച്ച് ജൂലൈ 11ന് ആലുവ പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ സെമിനാര്‍ നടത്തും. അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സഹകരണസംഘങ്ങള്‍ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍ മുന്‍ എം.എല്‍.എ. എം.എം.മോനായി പ്രബന്ധം അവതരിപ്പിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 'സുസ്ഥിര സമൂഹം സഹകരണത്തിലൂടെ' എന്നതാണ് സഹകരണദിനത്തിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം.
- Log in to post comments