മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുമായി അന്താരാഷ്ട്ര ചക്ക മഹോത്സവം
കേരള സംസ്ഥാന കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ അന്താരാഷ്ട്ര ചക്ക മഹോത്സവവും ശാസ്ത്ര സിമ്പോസിയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. നാടന്‍ ഫലങ്ങളുടെ ഗുണങ്ങള്‍ മനസ്സിലാക്കാതെ പരിഷ്‌കൃത ഭക്ഷണങ്ങള്‍ക്ക് പിന്നാലെ പോകുന്നത് വയനാടിന്റെ സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്നും ജില്ലയുടെ തനിമ തിരിച്ചുപിടിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍ മേളയെക്കുറിച്ച് വിശദീകരിച്ചു. മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ ഗോത്രവിഭാഗ സംഗമം കാര്‍ഷിക ഗവേഷണ കേന്ദ്രം ജനറല്‍ കൗണ്‍സില്‍ അംഗം ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. ചക്ക വിപണിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍. സാബു, ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഡോ. വി. വജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സര്‍വ്വകാലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരദേവി സ്വാഗതവും വയനാട് കൃഷി ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു.
മലേഷ്യയില്‍ നിന്ന് ഡോ. മുഹമ്മദ് ദേശ ഹാജി ഹസീം, ശ്രീലങ്കയില്‍ നിന്ന് ഗ്രേഷ്യന്‍ പ്രിയറിസ് എന്നീ കാര്‍ഷിക വിദഗ്ദ്ധര്‍ മഹോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശിയ അന്തര്‍ദേശീയ പ്രദര്‍ശന സ്റ്റാളുകള്‍, ചക്ക സംസ്‌കരണത്തില്‍ വനിതകള്‍ക്ക് സൗജന്യ പരിശീലനം, ചക്ക സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ ഉണ്ടാകും. ജൂലൈ 15 വരെ മഹോത്സവം തുടരും.
- Log in to post comments