എടക്കഴിയൂര്‍ ജി.എല്‍.പി. സ്‌കൂളും ഇനി ഹൈടെക് നിലവാരത്തിൽ
ഡിജിറ്റല്‍ എയര്‍കണ്ടീഷന്‍ സൗകര്യങ്ങളോടെ ഭൗതിക നിലവാരത്തിലേയ്ക്ക് ഉയര്‍ന്ന എടക്കഴിയൂര്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. സ്വകാര്യ സ്കൂളുകളെ വെല്ലുന്ന മികച്ച നിലവാരത്തിലേയ്ക്കാണ്
എടക്കഴിയൂര്‍ ജി.എല്‍.പി. സ്‌കൂൾ ഉയർന്നതെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
അടച്ചുപൂട്ടലില്‍ നിന്ന് കരകയറിയ എടക്കഴിയൂര്‍ ലോവര്‍ പ്രൈമറി സ്‌കൂളിന് 125 വര്‍ഷത്തിലധികം ചരിത്ര പാരമ്പര്യമുണ്ട്. ദേശീയപാതയ്ക്കരികില്‍ സ്വകാര്യഭൂമിയില്‍ ഓല ഷെഡിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഭൂവുടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ വിദ്യാലയം തകര്‍ച്ചയുടെ വക്കിലായി. 2002ല്‍ അടച്ചുപൂട്ടല്‍ നേരിടുന്ന വിദ്യാലയങ്ങളുടെ പട്ടികയില്‍ എടക്കഴിയൂര്‍ സ്‌കൂളിനെയും ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍, എംഎല്‍എ, എംപി ഫണ്ടുകള്‍, സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവയുടെ സഹായത്തോടെ സ്വന്തമായി ഭൂമി കണ്ടെത്താനും ആവശ്യമായ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. എന്നാല്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ''എല്ലാ വിദ്യാലയങ്ങളും മികവിലേയ്ക്ക്'' എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ജി.എല്‍.പി. സ്‌കൂളിനെ നവീകരണത്തിനായി തിരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി 76,40,000 രൂപ വകയിരുത്തി. 54 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ വിദ്യാലയത്തിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തീകരിച്ചത്.
എയര്‍ കണ്ടീഷന്‍ ചെയ്ത ഡിജിറ്റല്‍ ക്ലാസ് റൂമുകളിൽ പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ ഒരുക്കിയിട്ടുണ്ട്. ക്ലാസ് മുറികളിലെ ചുമരുകൾ കേരള തനിമയേ കുന്ന ചിത്രങ്ങളാലും മനോഹരമാണ്. കൂടാതെ നിലവാരമുള്ള ശുചിമുറികള്‍, ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ്
സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. ചാവക്കാട് സബ് ജില്ലയില്‍ എയര്‍കണ്ടീഷനോട് കൂടിയ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സൗകര്യമുള്ള ആദ്യത്തെ വിദ്യാലയം എന്ന പദവിയും എടക്കഴിയൂര്‍ ഗവ.ലോവര്‍ പ്രൈമറി സ്‌കൂളിന് സ്വന്തമാണ്.
പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി മദനമോഹനന്‍ മുഖ്യാതിഥിയും സിനിമാ താരം ശിവജി ഗുരുവായൂര്‍ വിശിഷ്ടാതിഥിയുമായി. നിര്‍മ്മിതികേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ ടി ജി ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തംഗം എ.എസ് ശിഹാബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നാസര്‍, വാർഡ് മെമ്പർ ഷെമീം അഷറഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്തംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ ,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
- Log in to post comments