പുതിയ അധ്യയന വര്‍ഷം പുതിയ കെട്ടിടം; ജില്ലയില്‍ ആറ് വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ നവ കേരളം കര്‍മ്മ പദ്ധതിയില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആറ് വിദ്യാലയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച്.എസ്.എസ് തരിയോട്, ജി.യു.പി.എസ് കോട്ടനാട്, ജി.എല്‍.പി.എസ് വിളമ്പുകണ്ടം. ജി.എല്‍.പി.എസ് പനവല്ലി എന്നീ വിദ്യാലയങ്ങളിലെ പുതിയ ഹൈടെക് കെട്ടിടങ്ങളാണ് പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. മികവുറ്റ വിദ്യാലയങ്ങള്‍ കാലത്തിനനുസരത്ത് മുഖം മിനുക്കുന്നതോടെ നവകേരളം സാധ്യമാകും, വിദ്യാലയങ്ങളുടെ പുരോഗതി നാടിന്റെ പുരോഗതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ അധ്യയ വര്‍ഷത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പത്തര ലക്ഷം കുട്ടികളുടെ വര്‍ദ്ധനവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.
തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചത്. കല്‍പ്പറ്റ എം.എല്‍.എ അഡ്വ.ടി സിദ്ധിഖ് ശിലാഫലകം അനാച്ഛാദനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി ഷിബു മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വെള്ളമുണ്ട ജി.എം.എച്ച്.എസ്സ്.എസ്സില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ സ്‌കൂള്‍ തല പരിപാടി ഉദഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ മമ്മുട്ടി അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പ്രൊജക്ട് എഞ്ചിനീയര്‍ റെനി എബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബാലന്‍ വെള്ളരിമ്മല്‍, പി. കല്യാണി, ഡി.ഡി.ഇ കെ. ശശിപ്രഭ, വാസുദേവന്‍ മാസ്റ്റര്‍, ടി.കെ അജിത് കുമാര്‍, പി.കെ സുധ പി.സി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ വകയിരുത്തിയാണ് ഇവിടെ കെട്ടിടം നിര്‍മ്മിച്ചത്. 9 ക്ലാസ്സ് മുറികള്‍, സ്റ്റാഫ് റൂം, ഐ.ടി ലാബ്, ഓഫീസ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പടെ 16,000 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
വിളമ്പുകണ്ടം എല്‍.പി.എസ്സില്‍ ഒ.ആര്‍ കേളു എ.എല്‍.എ ഫലകം അനാച്ഛാദനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.ബി നസീമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശോഭന രാമകൃഷ്ണന്‍, പ്രധാനധ്യാപിക ലിസ്സി അഗസ്റ്റിന്‍, വിദ്യാ കിരണം കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്,പി.ടി.എ പ്രസിഡണ്ട് എ.ഇ ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. അസി എഞ്ചിനീയര്‍ പ്രവീണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആനപ്പാറ ഗവ.ഹയര്‍സെക്കന്‍ഡറിയില്‍ പി.ടി .എ പ്രസിഡന്റ് ഷാജി കോട്ടയില്‍ അധ്യക്ഷ വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ടി കെ അബ്ബാസ് അലി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ എ.സി പ്രീത ഹെഡ്മാസ്റ്റര്‍ ജോയി വി സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
പനവല്ലി ജി.എല്‍.പി.സ്‌കൂള്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ ഫലകം അനാച്ഛാദനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പി യുടെ സന്ദേശം ചടങ്ങില്‍ വായിച്ചു.അസി.എഞ്ചിനീയര്‍ കെ.റഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എന്‍.സുശീല, കെ.മനോജ്, കെ.അനൂപ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.സജി, ബിന്ദു സുരേഷ്, കെ.പ്രഭാകരന്‍ , സി.എം.സിനോജ്, പ്രധാനാധ്യാപിക കെ.കെ.സജിത തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടനാട് ജി.യു.പി.സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
- Log in to post comments