Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമം: നിയമസഭാ സമിതി സിറ്റിങ്

 

 

ഹാർബർ മാനേജ്‌മെൻറ് കമ്മിറ്റി യോഗങ്ങൾ 

കൃത്യമായി വിളിച്ചുചേർക്കാൻ നിർദേശം

 

മത്സ്യബന്ധന തുറമുഖങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായ ഹാർബർ മാനേജ്‌മെൻറ് കമ്മിറ്റി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സഭാ സമിതി സിറ്റിങ്ങിൽ മൂന്ന് പരാതികളാണ് പരിഗണിച്ചത്. 20 പരാതികൾ പുതുതായി സ്വീകരിച്ചു. മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ്, പെർമിറ്റ് ഫീസ് എന്നിവയുടെ വർധനവിൽ ഇളവ് നൽകണം, ഫിഷറീസ് റെസ്‌ക്യു ഗാർഡുമാരുടെ വേതനം വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ സമിതി സർക്കാറിന്റെ അടിയന്തിര ശ്രദ്ധയിൽപ്പെടുത്തുമെന്ന് സമിതി ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു. ആയിക്കര മാപ്പിളബേ ഹാർബറിലെ ഡ്രഡ്ജിംഗ് മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്പെടുന്നില്ലെന്ന ആക്ഷേപം സർക്കാറിനെ അറിയിക്കും. തീരദേശ പരിപാലന മേഖല നിയമ പ്രകാരം കടൽക്കരയിലും പുഴക്കരയിലും താമസിക്കുന്നവർക്ക് വീട് നിർമ്മാണത്തിലും നിർമ്മിച്ച വീടുകൾക്ക് കെട്ടിടനമ്പർ ലഭിക്കുന്നതിലും ലഭിക്കുന്ന പ്രയാസങ്ങൾ സമിതി മുമ്പാകെ വന്നു. 2019ലെ തീരദേശ പരിപാലന മേഖല നിയമ പ്രകാരം വിജ്ഞാപന പ്രകാരം പോലും വീട് നിർമ്മിക്കാനുള്ള പ്രയാസം സമിതി സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തും. ഇതര ജില്ലകളിൽനിന്ന് വ്യത്യസ്തമായി കണ്ണൂരിൽ പരാതികൾ കുറവാണെന്ന് ചെയർമാൻ പറഞ്ഞു. 

ജില്ലയിലെ തെക്കുമ്പാട് പാലത്തിന്റെയും മടക്കര-മാട്ടൂൽ പാലത്തിന്റെയും നിർമ്മാണത്തിന് പുഴയിൽ തള്ളിയ ചരൽമണൽ പൂർണമായി നീക്കം ചെയ്ത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കുന്നതിനും അതിലൂടെ മത്സ്യബന്ധനം സുഗമമാക്കുന്നതിനും നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂനിയൻ (സിഐടിയു) നൽകിയ പരാതി സമിതി പരിഗണിച്ചു. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്‌സിക്യുട്ടീവ് എൻജിനീയർക്ക് സമിതി നിർദേശം നൽകി.

നിയമസഭാ സമിതി അംഗങ്ങളായ അഡ്വ. എം വിൻസെൻറ്, എൻഎ നെല്ലിക്കുന്ന്, കാനത്തിൽ ജമീല, എൻകെ അക്ബർ, നിയമസഭാ സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറി ബി അനിൽകുമാർ എന്നിവർ പങ്കെടുത്തു. സിറ്റിങ്ങിന് ശേഷം സമിതി അഴീക്കൽ തുറമുഖം സന്ദർശിച്ചു. കെ വി സുമേഷ് എംഎൽഎ സമിതി അംഗങ്ങൾക്ക് തുറമുഖം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു.

date