Skip to main content
പൊതു ജലാശയങ്ങളെയും പൊതു നിരത്തുകളെയും മാലിന്യ മുക്തമാക്കുന്നതിനുള്ള ജില്ലാതല  ശിൽപശാല ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് കെ വി സുമേഷ് ഉദ്‌ഘാടനം ചെയ്യുന്നു.

ഹരിത കേരളം: വകുപ്പുകള്‍ തമ്മില്‍ കൂടുതല്‍ ഏകോപനം വേണം: കെ.വി സുമേഷ്

    മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം തുടങ്ങി ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ വിജയിക്കണമെങ്കില്‍ വിവിധ വകുപ്പുകളും ഏജന്‍സികളും തമ്മില്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. ജലാശയങ്ങളെയും നിരത്തുകളെയും മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

    ഹരിതകേരളം മിഷന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും മിഷനുമായി ബന്ധപ്പെട്ട് യോഗം ചേരാത്ത പഞ്ചായത്തുകളുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്തിന്റെ പേരിലായാലും നാടിനെ മൊത്തം ബാധിക്കുന്ന വിഷയങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനം ജനാധിപത്യസംവിധാനത്തില്‍ ഭൂഷണമല്ല. പ്ലാസ്റ്റിക്  മാലിന്യം ഉണ്ടാക്കുന്നവര്‍ തന്നെ അത് സംസ്‌ക്കരിക്കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നത് അഗീകരിക്കാനാവില്ല. ഇത്തരം സമീപനങ്ങളോട് ഒത്തുതീര്‍പ്പാവുന്ന സമീപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. 

    പ്ലാസ്റ്റിക് സഞ്ചിക്കെതിരായ മാലിന്യമുക്ത കണ്ണൂര്‍ കാംപയിന്റെ ഭാഗമായി നിയമം കര്‍ക്കശമാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യുന്ന സമീപനം ചിലയിടങ്ങളിലുണ്ടായതാണ് പദ്ധതി നൂറു ശതമാനം വിജയിപ്പിക്കാന്‍ കഴിയാതെ പോയത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ജലം-പരിസ്ഥിതി മലിനീകരണം തുടങ്ങി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന കെടുതികള്‍ക്ക് ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ ധാരാളമായുണ്ട്. ഈ ഭീഷണി നേരിടാനുള്ള അവസാന അവസരമെന്ന നിലയ്ക്കാണ് ഹരിതകേരളം മിഷന്‍ പദ്ധതികളെ കാണേണ്ടത്. ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അനുകൂലമായ പ്രതികരണത്തിന് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.         

    നമ്മുടെ പരിസരങ്ങളെയും ജലാശയങ്ങളെയും മലിനമാക്കുന്നതില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് മുഖ്യപങ്കുവഹിക്കുന്നതെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതു തടയാന്‍ പര്യാപ്തമായ നിയമങ്ങള്‍ വേണ്ടത്രയുണ്ടെങ്കിലും അവ ശക്തമായി നടപ്പിലാക്കപ്പെടുന്നില്ല. സാധാരണക്കാര്‍ക്ക് വീട് വെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിയമം തലനാരിഴചീന്തി പരിശോധിച്ച് നടപ്പിലാക്കുന്നവര്‍ കൂറ്റന്‍ കെട്ടിടങ്ങളുടെ കാര്യത്തില്‍ കണ്ണ് ചിമ്മുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആശയങ്ങളോടും പദ്ധതികളോടും തുടക്കത്തില്‍ ആളുകള്‍ കാണിക്കുന്ന നിഷേധാത്മക സമീപനമാണ് മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലുമുള്ളതെന്നും അവ ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
    ഹരിതകേളം ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി സുധാകരന്‍, ചീഫ് എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ഷീബ എം.എസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, സെക്രട്ടറി വി ചന്ദ്രന്‍, എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അനിത കോയന്‍, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നഗരാസൂത്രണം, നഗരപാലികാ ആക്ട്, പൊലിസ്, പൊതുജനാരോഗ്യ പരിപാലനം, ഭക്ഷ്യസുരക്ഷ, പഞ്ചായത്തി രാജ് എന്നീ നിയമങ്ങളിലെ സാധ്യതകളെയും അവ നടപ്പിലാക്കുന്നതിന്റെ പ്രായോഗികതയെയും കുറിച്ച് ക്ലാസ്സുകളും നടന്നു. 

date