Skip to main content
മാപ്പിളപ്പാട്ടിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം ജില്ലയിലെ ഷിഹാബുദ്ദീൻ

ഇശൽ ചെയ്തിറങ്ങിയ  രാവ്; മാപ്പിളപ്പാട്ടിൽ മനം നിറഞ്ഞ് നഗരി

 

നനുത്ത മഴയ്ക്കൊപ്പം പെയ്തിറങ്ങിയ ഇശലുകളിൽ മനം നിറഞ്ഞ് സംസ്ഥാന റവന്യൂ കലോത്സവത്തിലെ ടൗൺഹാൾ വേദി.  പുരുഷ - വനിതാ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികളും പാടിയത്  മാപ്പിളപ്പാട്ടിലെ മഹാകവി മോയിൻകുട്ടി വൈദ്യരുടെ  കൃതിയിൽ നിന്നുള്ള പാട്ടുകൾ ആയിരുന്നു. 

ബദർ പടപ്പാട്,  ഉഹ്ദ് പടപ്പാട്,  മലബാർ പടപ്പാട് കൃതികളിൽ നിന്നുള്ളവയാണ്  കൂടുതൽ പേരും ആലപിച്ചത്. പുരുഷ വിഭാഗം മത്സരത്തിൽ ഇശൽ ശൈലിയിലും  ആലാപന മികവിലും മികച്ചുനിന്ന  കൊല്ലം ജില്ലയിലെ  ഷിഹാബുദ്ദീൻ ഒന്നാം സ്ഥാനം നേടി. മാപ്പിളപ്പാട്ട് രചയിതാവ്  ബദറുദ്ദീൻ പാറന്നൂരിൻ്റെ പാട്ടാണ് ഷിഹാബുദ്ദീൻ ആലപിച്ചത്.  ഹംസ നരേക്കാവിൻ്റെ മാപ്പിള പാട്ടുമായെത്തിയ കാസർകോട് ജില്ലയിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ  ടി ആർ  ഷാജി  രണ്ടാം സ്ഥാനവും  മോയിൻകുട്ടി വൈദ്യരുടെ   പാട്ടുമായെത്തിയ തിരുവനന്തപുരം ജില്ലയിലെ  ജെ എസ് അനസ് മൂന്നാം സ്ഥാനവും നേടി. കെ ഇസ്മയിൽ, ജിഹാസ് വാലപ്പാട്, ഹനീഫ് പാനൂർ എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിൽ പങ്കെടുത്ത 14 പേരും എ ഗ്രേഡ് നേടി.

വനിതാ വിഭാഗം മത്സരത്തിൽ  ഇടുക്കിയുടെ എസ് സുനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മോയിൻകുട്ടി വൈദ്യരുടെ കൃതിയിൽ നിന്നുള്ള പാട്ടാണ് സുനി അവതരിപ്പിച്ചത്. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയിൽ നിന്നുള്ള  വില്ലേജ് ഓഫീസർ ബ്ലെസി പി അഗസ്റ്റിനാണ്. കോട്ടയം ജില്ലയിലെ  എ എൻ നജില ബീഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരിച്ച പതിമൂന്ന് പേരിൽ പത്തുപേർ എ ഗ്രേഡ്  നേടി.

date