Skip to main content
രണ്ടാംഘട്ട എംസി റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി നടപ്പാക്കുന്ന ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ റോഡ് നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ തോണ്ടറ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ കുറ്റൂരില്‍ നിര്‍വഹിക്കുന്നു.

കരാറുകാര്‍ വര്‍ക്ക് ചെയ്തില്ലെങ്കില്‍ നടപടിയെടുക്കണം; ചെലവഴിക്കുന്ന  പണത്തിന്റെ ഗുണഫലം നാടിനുണ്ടാകണം:  മന്ത്രി ജി. സുധാകരന്‍

 

 

കരാറുകാരെ സ്വതന്ത്രമായും നിര്‍ഭയമായും പിഡബ്ല്യുഡി മാനുവല്‍ അനുസരിച്ച് വര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്നും വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. രണ്ടാംഘട്ട എംസി റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി നടപ്പാക്കുന്ന ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ റോഡ് നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ തോണ്ടറ പാലത്തിന്റെ ഉദ്ഘാടനം കുറ്റൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഴ്ച വരുത്തുന്ന കരാറുകാരന്റെ ലൈസന്‍സ് തിരിച്ചെടുത്ത് കോണ്‍ട്രാക്ട് പണി അവസാനിപ്പിക്കണം. ഇതിനെല്ലാം അധികാരമുണ്ടായിരിക്കെ, നോട്ടീസ് നല്‍കുകയോ, വിശദീകരണം ചോദിക്കുകയോ ഒന്നും ചെയ്യാതെ പോകുകയാണ്. ഇതൊക്കെ പറയുന്നത് ആരെയും ആക്ഷേപിക്കാനല്ല. ഖജനാവിലെ പണം കോടാനു കോടി കൊടുക്കുകയാണ്. അതിന്റെ പൂര്‍ണമായ ഗുണം കൃത്യസമയത്ത് നാടിനുണ്ടാകണം. നാളിതുവരെയുള്ളതില്‍ ഏറ്റവും മികച്ച രീതിയിലാണ് എംസി റോഡ് നിര്‍മിച്ചിരിക്കുന്നത്. കുറച്ചുകൂടി ഇതു നന്നാക്കാം. പാറയില്‍ ഉറപ്പിക്കാതിരുന്നതിന്റെ ഫലമായാണ് ഏനാത്ത് പാലത്തിന് ബലക്ഷയമുണ്ടായത്. തിരുവല്ല നിയോജകമണ്ഡലത്തിലെ റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ച് റെയില്‍വേ അധികൃതരുമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. 

ചങ്ങനാശേരി-ആലപ്പുഴ റോഡ് കെഎസ്ടിപിയുടെ ചുമതലയിലുള്ള വളരെ മോശം സ്ഥിതിയിലുള്ള റോഡാണ്. ഇങ്ങനെ ഒരു റോഡ് കേരളത്തില്‍ വേറെയുണ്ടോ?. കെഎസ്ടിപിയില്‍ നിന്നു പൊതുമരാമത്ത് വകുപ്പിന് ഈ റോഡ് തിരിച്ചെടുക്കണമെങ്കില്‍ ഇനി അടുത്തവര്‍ഷമേ പറ്റു. 2019 മാര്‍ച്ച് വരെ ഈ റോഡ് കെഎസ്ടിപിയുടെ കോണ്‍ട്രാക്ടറുടെ കാലാവധിയിലാണ്. ഈ റോഡ് മികച്ച നിലയില്‍ പരിപാലിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. 2015ല്‍ ഈ റോഡ് നിര്‍മിച്ച് രണ്ടാം വര്‍ഷമേ തകര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം സമ്മര്‍ദ്ദം ചെലുത്തി അറ്റകുറ്റപ്പണി നടത്തി. റോഡ് അറ്റകുറ്റപ്പണി നടത്താന്‍ എല്ലാ വര്‍ഷവും ഈ കോണ്‍ട്രാക്ടറോഡ് വഴക്കുണ്ടാക്കേണ്ട സ്ഥിതിയാണ്. കുഴപ്പക്കാരനായ കോണ്‍ട്രാക്ടറെ എന്തുകൊണ്ട് കെഎസ്ടിപി ഉദ്യോഗസ്ഥന്‍മാര്‍ ഭയപ്പെടുന്നു എന്നു മനസിലാകുന്നില്ല. പിഡബ്ല്യു മനുവല്‍ എന്ന വജ്രായുധമാണ് കെഎസ്ടിപി ഉദ്യോഗസ്ഥരുടെ കൈയിലുള്ളത്. അതുപയോഗിച്ചാല്‍ വീഴ്ചവരുത്തുന്ന കരാറുകാരന്റെ കോണ്‍ട്രാക്ട് പോകും. പക്ഷേ, ചെയ്യത്തില്ല. അപ്പോ അതിനെന്തെങ്കിലും കാരണം കാണും. ഇപ്പോഴുള്ളവര്‍ അല്ലെങ്കില്‍ മുന്‍പുള്ളവര്‍ കാരണമുണ്ടാക്കി കാണും. ഉദ്യോഗസ്ഥര്‍ ചുമതല നിറവേറ്റേണ്ടേ?. അതുകൊണ്ടാണ് വീഴ്ച വരുത്തിയ എക്‌സിക്യുട്ടീവ് എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതീകാത്മകമായാണ് നടപടി സ്വീകരിച്ചത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാള്‍ പിറ്റേദിവസം കാണാന്‍ വന്നു. പക്ഷേ, കാണാന്‍ അനുമതി നല്‍കിയില്ല. അവരാണ് ഉത്തരവാദിയെന്ന് ജനം അറിയണം. കോണ്‍ട്രാക്ടര്‍ ചെയ്യേണ്ട ജോലി ചെയ്യാതെ പണം വാങ്ങുകയാണ്. കരാറുകാരനെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ പോരേ. അതു ചെയ്യിച്ചില്ല. സര്‍വത്ര പഴി കേട്ടു. കെഎസ്ടിപിയെ പോലെ മാതൃകാപരമായി റോഡു നിര്‍മിക്കേണ്ട പ്രസ്ഥാനം ഇങ്ങനെയായാല്‍ പറ്റുമോ? ഇങ്ങനെ നാട്ടില്‍ നടക്കുന്നത്, കോണ്‍ട്രാക്ടറുടെ കുറ്റമല്ല. അവരെ അങ്ങനെ ആക്കി എടുക്കുകയാണ്. ടെന്‍ഡര്‍ പിടിക്കുമ്പോള്‍ തന്നെ 10 ശതമാനം അങ്ങ് പോക്കറ്റില്‍ വാങ്ങും. അവരു പിന്നെ വര്‍ക്ക് ചെയ്യില്ല. 

ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ എംസി റോഡ് നവീകരണം കെഎസ്ടിപി മുഖേന പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന 12 പദ്ധതികളില്‍ ഒന്നാണ്. ഇതില്‍ ഒന്‍പത് പദ്ധതികളാണ് ഇനി തീരാനുള്ളത്. എട്ടു പദ്ധതികള്‍ അടുത്ത വര്‍ഷം ഓഗസ്‌റ്റോടെ പൂര്‍ത്തിയാകും. പുനലൂര്‍-പൊന്‍കുന്നം റോഡ് ഇതില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കരാറിന്റെ സാങ്കേതിക കാര്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസം കാരണം മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോകബാങ്ക് അതു ടെന്‍ഡര്‍ ചെയ്തിരുന്നില്ല. ഈ റോഡ് ആകെ തകര്‍ന്നു കിടക്കുകയായിരുന്നു. കാരണം, ലോകബാങ്ക് ഏറ്റെടുത്തതു കൊണ്ട് വേറാരും ചെയ്യത്തുമില്ല. ദൈര്‍ഘ്യം കൂടുതലായതിനാല്‍ വളരെയധികം പൈസയും വേണം.  എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം കഴിഞ്ഞ രണ്ടു വര്‍ഷവും ശബരിമല സീസണില്‍ പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് ഈ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി. കാര്യമറിയാതെ ഈ റോഡിന്റെ പേരില്‍ ചിലര്‍ സമരങ്ങള്‍ നടത്തി. യഥാര്‍ഥത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോകബാങ്ക് തള്ളിക്കളഞ്ഞ പദ്ധതിയാണിത്. പ്രശ്‌ന പരിഹാരം കാണുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പല തവണ ലോകബാങ്കുമായി ചര്‍ച്ച നടത്തി. ഇതിനെ തുടര്‍ന്ന് ഒരു പ്രത്യേക പദ്ധതിയായി ഇത് ഏറ്റെടുക്കാമെന്ന് ലോകബാങ്ക് സമ്മതിച്ചു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ക്കായി പുതിയ പദ്ധതി പ്രകാരം ലോകബാങ്കിനു മുന്‍പാകെ ഇരിക്കുകയാണ്. എന്‍ജിനിയറിംഗ് പ്രോക്വയര്‍മെന്റ് കണ്‍സ്ട്രക്ഷന്‍(ഇപിസി മാതൃക) ആണ് ഇപ്പോള്‍ ചെയ്യുന്നത്. എസ്റ്റിമേറ്റിന്റെയും ഡിപിആറിന്റെയും അടിസ്ഥാനത്തില്‍ കാരാറുകാരന്‍ തന്നെ പണം മുടക്കി ചെയ്യുകയാണ്. ഈ പണം വാര്‍ഷികമായോ, തവണകളായോ കെഎസ്ടിപി മുഖേന സര്‍ക്കാര്‍ നല്‍കും. ടെന്‍ഡര്‍ പൂര്‍ത്തിയാക്കി വര്‍ക്ക് നല്‍കി കഴിഞ്ഞാല്‍ ഈ റോഡ് ഉന്നത നിലവാരത്തില്‍ നവീകരിക്കും. ഇതോടെ കെഎസ്ടിപിയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പൂര്‍ത്തിയാകും. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ എംസി റോഡ് നവീകരണം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ചെറിയ വര്‍ക്കുകള്‍ കൂടിയേ അവശേഷിക്കുന്നുള്ളു. ഈ വര്‍ഷം തന്നെ ഇതു കമ്മീഷന്‍ ചെയ്യാന്‍ കഴിയും. 

തിരുവല്ല പട്ടണത്തില്‍ റോഡ് നവീകരണത്തിന് നേരത്തെ കെഎസ്ടിപി ഇല്ലായിരുന്നു. ബൈപ്പാസ് വര്‍ക്ക് മാത്രമേ കെഎസ്ടിപിക്ക് ഉള്ളായിരുന്നു. വികലമായ ഈ തീരുമാനത്തിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റിനാണ്. ബൈപ്പാസിനേക്കാള്‍ പ്രധാനം പട്ടണമാണ്. പട്ടണത്തില്‍ തിരക്കുള്ളതു കൊണ്ടു ബൈപ്പാസ് ഉണ്ടാക്കിയെന്നേയുള്ളു. അല്ലാതെ പട്ടണം ഉപേക്ഷിച്ചിട്ടില്ല. തിരുവല്ല പട്ടണം വിട്ടുകളഞ്ഞിരിക്കുകയായിരുന്നു. റോഡ് നവീകരണം ആരു ചെയ്യും എന്ന് ഉത്തരമില്ലാത്ത സ്ഥിതിയായിരുന്നു. ഫലത്തില്‍ തിരുവല്ല പട്ടണത്തിലെ റോഡ് പൊതുമരാമത്ത് വകുപ്പുമല്ല, കെഎസ്ടിപിയുമല്ല എന്ന സ്ഥിതിയായിരുന്നു. ഈ ഭാഗം മോശമായി കിടക്കുകയാണ്. തിരുവല്ല പട്ടണവും കെഎസ്ടിപി തന്നെ ഈ പദ്ധതിയുടെ ഭാഗമായി ചെയ്യേണ്ടതാണ്. അവരു ചെയ്‌തേ പറ്റു. പട്ടണമാണ് ആദ്യം കെഎസ്ടിപി ചെയ്യേണ്ടതെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവല്ല-അമ്പലപ്പുഴ റോഡ് വന്നു ചേരുന്നത് തിരുവല്ല പട്ടണത്തിലെ എംസി റോഡിലേക്കാണ്. വലിയ ട്രാഫിക്കാണ് ഇവിടെ. സംസ്ഥാനതലത്തിലുള്ള വലിയ ഹൈവേയാണിത്. കിഫ്ബിയുടെ ആദ്യ പദ്ധതിയാണിത്. 69 കോടി രൂപയാണ് പദ്ധതി ചെലവ്. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ രണ്ടര കിലോമീറ്റര്‍ ദൂരമേ ഈ പദ്ധതിയിലുള്ളു. ഈ റോഡിന്റെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. പൊടിയാടി മുതല്‍ തിരുവല്ല കോളജിന്റെ മുന്‍വശം വരെയുള്ള ഭാഗം കിഫ്ബി രണ്ടാംഘട്ടത്തില്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.  രണ്ടു ഭാഗവും വീതി കൂട്ടി പൊടിയാടിയില്‍ ഒരു പാലം പൊളിച്ചു പണിയുകയോ, പുതിയൊരു പാലം നിര്‍മിക്കുകയോ വേണ്ടി വരും. ഇതിന്റെ എസ്റ്റിമേറ്റും മറ്റും തയാറാക്കും. 

മന്ത്രി മാത്യു ടി തോമസിനെതിരേ ബൈപ്പാസ് വിഷയത്തില്‍ സമരം ചെയ്തത് കാര്യമറിയാതെയാണ്. തിരുവല്ല ബൈപ്പാസ് അഴിമതിയുടേതായിരുന്നു. യഥാര്‍ഥ അഴിമതിയാണ് നടന്നത്. കെഎസ്ടിപിയില്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് തിരുവല്ല ബൈപ്പാസിന്റെ കാര്യത്തിലാണ്. ഈ ബൈപ്പാസിനു വേണ്ടി ഒരു പാട് കുഴപ്പങ്ങളും പൈസയും വെറുതേ കളഞ്ഞു. അശാസ്ത്രീയമായാണ് നിര്‍മാണം നടത്തിയത്. ബൈപ്പാസ് പൂര്‍ത്തിയാകാതെ വന്ന സ്ഥിതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പലതവണ ചര്‍ച്ചകള്‍ നടത്തുകയും അവസാനം ശരിയായ ഡിപിആര്‍ തയാറാക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയാണ് കെഎസ്ടിപിയുടെ എല്ലാ കാര്യവും നോക്കുന്നത്. ബൈപ്പാസ് വിഷയത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് ആദ്യം ഭയമായിരുന്നു, വിജിലന്‍സ് അന്വേഷണം വരുമോയെന്ന്്. ഇതേതുടര്‍ന്ന് എല്ലാകാര്യവും ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തു നല്‍കി. ഇപ്പോ ഇത് ടെന്‍ഡറിലേക്ക് പോകുകയാണ്. ഇനി ഭംഗിയായി നടക്കും. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ചെയ്തതു മനസിലാക്കാതെയാണ് ബൈപ്പാസ് വിഷയത്തില്‍ സമരം ചെയ്തത്. സമരം ചെയ്തവര്‍ എല്ലാവരും അങ്ങനെയുള്ളവര്‍ അല്ലെങ്കിലും ഇതിനു കാരണക്കാരായവരും അതിലുണ്ട്. ഇതു ശരിയായ രീതിയല്ല. കെഎസ്ടിപി പദ്ധതിയില്‍ പൊന്‍കുന്നം ഭാഗത്ത് പാറ പൊട്ടിച്ചതില്‍ അഴിമതിയുണ്ടായി. 9000 മെട്രിക് ടണ്‍ പൊട്ടിക്കാന്‍ അനുമതി നല്‍കിയിട്ട് 96000 മെട്രിക് ടണ്‍ പൊട്ടിച്ചു. 70 കോടി രൂപയുടെ നഷ്ടമുണ്ടായി. ഒരു ചീഫ് എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു. ആരു ഭരിച്ചാലും നാട് നന്നായി പോകണം. ജനങ്ങളോടു സമാധാനം പറയേണ്ടത് വകുപ്പ് മന്ത്രിയാണ്. 

എംസി റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് പിന്തുണ നല്‍കിയ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനെ മന്ത്രി അഭിനന്ദിച്ചു. യാതൊരു വിധത്തിലുള്ള സ്വജനപക്ഷപാതമോ, അഴിമതിയോ, ആരോപണമോ ഇല്ലാത്ത മന്ത്രിയാണ് മാത്യു ടി തോമസ്. കേരളം മുഴുവന്‍ അംഗീകരിച്ച കാര്യമാണിത്. സവിശേഷമായ വ്യക്തിത്വമാണ് അദ്ദേഹം. കാലത്തിനൊത്തുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് പുതിയ തോണ്ടറ പാലം നിര്‍മിച്ചിരിക്കുന്നത്. ഖജനാവില്‍ നിന്നു മുടക്കുന്ന പൈസയുടെ അടിസ്ഥാനത്തിലുള്ള സംതൃപ്തി ജനങ്ങള്‍ക്ക് കിട്ടുന്നില്ല എന്നത് കെഎസ്ടിപി പരിഗണിക്കേണ്ട കാര്യമാണ്. ലോകബാങ്കും ബോധ്യപ്പെടേണ്ട കാര്യമാണിത്. ലോകബാങ്ക് സഹായം എന്നത് അവര്‍ വെറുതേ തരുന്നതല്ല. ഒരു ഭാഗം സംസ്ഥാന സര്‍ക്കാരും ഒരു ഭാഗം ലോകബാങ്കും തരും. ലോകബാങ്ക് തരുന്ന പണം പലിശ സഹിതം തിരികെ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. മൊത്തം നമ്മുടെ പണം തന്നെയാണ് ഫലത്തില്‍. ഇതൊന്നും ആര്‍ക്കും അറിയില്ല. നിര്‍മാണത്തിലെ പോരായ്മയില്‍ ലോകബാങ്കിന് ഉത്തരവാദിത്വമില്ല. പക്ഷേ, ഈ സംവിധാനത്തിനകത്ത് മൂന്നു സമ്പ്രദായമുണ്ട്. ഒരു കണ്‍സള്‍ട്ടന്റ് വരും. കണ്‍സള്‍ട്ടന്റാണ് നിര്‍മാണം നടത്തുക. ചീഫ് എന്‍ജിനിയര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കും ഐഎസുകാരനായ പ്രോജക്ട് ഡയറക്ടര്‍ക്കും മുകളിലാണ് കണ്‍സള്‍ട്ടന്റ്. അന്തിമമായ തീരുമാനം എടുക്കുന്നത് കണ്‍സള്‍ട്ടന്റാണ്. എല്ലാം കണ്‍സള്‍ട്ടന്റിന്റെ അംഗീകാരത്തോടെയേ നടക്കു. മിക്കവാറും നാടുമായി ബന്ധമുള്ളവരാകില്ല കണ്‍സള്‍ട്ടന്റ്. കേരളത്തിന് പുറത്തുള്ളവരായിരിക്കും. അത് അവര്‍ നിയമിക്കുന്നതാണ്. നാടുമായി ബന്ധമുണ്ടെങ്കില്‍ തന്നെ റിട്ടയര്‍ ചെയ്തു വളരെ പ്രായമായവരായിരിക്കും. നല്ല ശമ്പളവുമായിരിക്കും.  പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ കോടാനുകോടി രൂപ  ഖജനാവില്‍ നിന്നു ചോര്‍ത്തുന്ന ഒരു പരിപാടിയായി കണ്‍സള്‍ട്ടന്‍സി കഴിഞ്ഞ കാലങ്ങളില്‍ മാറി. ഭയങ്കര അഴിമതിക്കും വഴിവച്ചു. ഒരുപാട് പരാതികള്‍ക്കും ഇടവരുത്തി. 

ചെറിയ സഹായങ്ങളൊന്നും കെഎസ്ടിപി ഉദ്യോഗസ്ഥര്‍ ചെയ്യത്തില്ല. റോഡ് നവീകരണത്തിന്റെ ഭാഗമായി അമ്പലത്തിന്റെ പടിക്കലെ ചെറിയ കല്ല് ഇളക്കിയിട്ട് ശരിയാക്കിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മനുഷ്യരെ ഉപദ്രവിക്കുകയെന്നത് ഉദ്യോഗസ്ഥരുടെ സ്വഭാവമാണ്. കല്ല് ഇളക്കിയാല്‍ വച്ചു കൊടുക്കണമെന്നത് മര്യാദയല്ലേ. അത് കെഎസ്ടിപി ഉദ്യോഗസ്ഥരോട് മന്ത്രി പറയേണ്ടതുണ്ടോ? കല്ല് പൂര്‍വസ്ഥിതിയില്‍ വച്ചു കൊടുത്തേ പറ്റു. പാലത്തിന്റെ ശിലാഫലകത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പേര് പോലും വച്ചിട്ടില്ല. കഴിഞ്ഞ തവണയും ഇക്കാര്യം പറഞ്ഞിരുന്നതാണ്. പാലത്തിന്റെ ശിലാഫലകത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ പേര് ഉള്‍പ്പെടുത്തണം. ജനപ്രതിനിധികളെ ആക്ഷേപിക്കാന്‍ പാടില്ല. കണ്‍സള്‍ട്ടന്റിന് ഇതൊന്നും പ്രശ്‌നമല്ല. കാരണം, ഈ നാട്ടുകാരന്‍ ആയിരിക്കില്ല. ഇതേപോലെ ഡിസൈനര്‍, ഡിസൈന്‍ ചെയ്യുന്നതൊന്നും ഇവിടങ്ങുമല്ല. മുന്‍കാലങ്ങളിലുണ്ടായിരുന്ന ഒരു ആക്ഷേപം, നല്ല പൈസയുള്ളവര്‍ കൊണ്ടുപോയി പണം നല്‍കും. അപ്പോ അവരെയങ്ങ് ഒഴിവാക്കും. ഇപ്പുറത്തുള്ള പാവപ്പെട്ടവന്റെ സ്ഥലം എടുക്കും. നിരവധി കേസ് ഉണ്ട് ഇങ്ങനെ. ഇതെല്ലാം ഇവര്‍ ചെയ്യുന്നതാണ്. കണ്‍സള്‍ട്ടന്റിനും ഡിസൈനര്‍ക്കും പുറമേ ഇന്‍വെസ്റ്റിഗേറ്ററുണ്ട്. ഇന്‍വെസ്റ്റിഗേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍് കണ്‍സള്‍ട്ടന്റ് തീരുമാനിക്കും, പദ്ധതി ഡിസൈന്‍ ചെയ്യും. ഇതെല്ലാം ആവശ്യമാണെങ്കിലും നാടിന്റെ പ്രത്യേകത നോക്കി, അവിടുത്തെ ഭൂമിശാസ്ത്രം നോക്കി ചെയ്യണം. എന്നാല്‍, അവിടുത്തെ സോഷ്യോ-ഇക്കണോമിക് ഇംപാക്ട് പഠിക്കാതെ ചെയ്യുന്നു. സാധാരണക്കാരോടു കൂറോടു കൂടി ചെയ്യണം. ഒരു വീടു പോകുന്നത് ന്യായമാണെങ്കില്‍ പൈസ നല്‍കണം. എന്നാല്‍, ചിലര്‍ക്ക് പൈസയും കൊടുക്കില്ല. ചില വീടിന്റെ ഭാഗം എടുക്കുമ്പോള്‍ കുറച്ചു കഴിയുമ്പോള്‍ വീട് താഴെപ്പോകും. ഇവര്‍ക്ക് പൈസയും കൊടുക്കില്ല. ഇതേ പോലെ ചില കിണര്‍ പോകും. ഇതെല്ലാം ചര്‍ച്ച ചെയ്ത് ബ്ലൂപ്രിന്റ് തയാറാക്കി ആരാണോ മാറ്റപ്പെടുന്നത്, ഏതൊന്നാണോ ഇല്ലാതാകുന്നത് അത് അതുപോലെ നിര്‍മിച്ചു കൊടുക്കുകയോ, അതിനു പണം കൊടുക്കുകയോ ചെയ്യണമെന്ന് ലോകബാങ്കിന്റെ ബ്ലൂപ്രിന്റിലുണ്ട്. എന്നാല്‍, നടപ്പാക്കുന്നില്ല. നടപ്പാക്കേണ്ടത് ഇവിടെയുള്ളവരാണ്. ഇങ്ങനെ ഒരുപാട് അപാകതകള്‍ ഉള്ള, നിയന്ത്രണമില്ലാത്ത ഒരു പദ്ധതിയായാണ് കെഎസ്ടിപി വളര്‍ന്നു വന്നിട്ടുള്ളത്. ഇതില്‍ കുറച്ചൊക്കെ മാറ്റമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ബ്ലോക്ക് മെമ്പര്‍ അനുരാധാ സുരേഷ്, നഗരസഭ കൗണ്‍സിലര്‍മാരായ നാന്‍സി, അജിത, ഗ്രാമപഞ്ചായത്തംഗം പ്രസന്ന സതീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഫ്രാന്‍സിസ് ആന്റണി, ആര്‍. ജയകുമാര്‍, കെ.ജി. രതീഷ് കുമാര്‍, അലക്‌സാണ്ടര്‍ കെ. സാമുവേല്‍, പി. പ്രസന്നകുമാര്‍, റ്റി.എ. അന്‍സാരി, വര്‍ഗീസ് ജോണ്‍, ജിജി വട്ടശേരി, കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ എസ്. ദീപു, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി. രാകേഷ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ടി.ടി. പൗലോ സോണസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

date