റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിനു പരിഹാരം കാണണം: മന്ത്രി മാത്യു ടി തോമസ്
തിരുവല്ല നിയോജകമണ്ഡലത്തിലെ മൂന്ന് റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടു മൂലം മഴക്കാലത്ത് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. രണ്ടാംഘട്ട എംസി റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി നടപ്പാക്കുന്ന ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ റോഡ് നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ തോണ്ടറ പാലത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിപ്പാതകളിലെ വെള്ളക്കെട്ടു മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനിയര്‍മാരെ കൊണ്ട് അടിപ്പാതകള്‍ പരിശോധിപ്പിച്ച് പരിഹാര മാര്‍ഗം കണ്ടെത്തുകയും ഇക്കാര്യം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു നടപ്പാക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനോട് അദ്ദേഹം അഭ്യര്‍ഥിച്ചു. പൊതുമരാമത്ത് വകുപ്പിലെയും ജലസേചന വകുപ്പിലെയും ഉന്നതതല അഴിമതി അവസാനിപ്പിക്കുവാന്‍ തങ്ങള്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താഴെത്തട്ടിലും ഈ പ്രവണത കൊണ്ടുവരുന്നതിനുള്ള വലിയ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല-അമ്പലപ്പുഴ റോഡിന്റെ ഭൂരിഭാഗവും തിരുവല്ല നിയോജകമണ്ഡലത്തിലാണു വരുന്നത്. തിരുവല്ല-മല്ലപ്പള്ളി-ചേലാക്കൊമ്പ് റോഡ് വീതി കൂട്ടി ഉന്നതനിലവാരത്തില്‍ നവീകരിക്കുന്നതിന് 81 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റോഡ് നവീകരണം ആരംഭിക്കുന്നതിനു മുന്‍പ് ഈ റോഡിലെ കുഴികള്‍ അടിയന്തിരമായി അടയ്ക്കണമെന്നും പൊതുമരാമത്ത് മന്ത്രിയോട് അദ്ദേഹം അഭ്യര്‍ഥിച്ചു. തിരുവല്ല ബൈപ്പാസ് കെഎസ്ടിപിയുടെ ഭാഗമാണ്. ബൈപ്പാസിന് 2014ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആഘോഷ പൂര്‍വം തറക്കല്ലിട്ടുവെങ്കിലും ഇതിനാവശ്യമായ ഭൂമിയുടെ 90 ശതമാനം പോലും അന്ന് കൈവശമുണ്ടായിരുന്നില്ല. ഏറ്റെടുത്ത ശേഷം പല ഭൂമിയും തിരിച്ചു കൊടുക്കേണ്ടിയും വന്നു. നിര്‍മിച്ചു വന്നപ്പോഴാണ് അറിയുന്നത്, നേരത്തെ തയാറാക്കിയ ഡിസൈന്‍ പ്രകാരം നിര്‍മിക്കാന്‍ കഴിയുന്നില്ല. സാങ്കേതികമായ പിഴവ് സംഭവിച്ചിരുന്നു. ഇതു നാട്ടുകാരുടെ കുഴപ്പമല്ല. സ്ഥലം കൊടുക്കാതിരുന്നതു നമ്മുടെ കുറ്റമായി പറയാം. തിരുവല്ല ബൈപ്പാസിന്റെ ഡിസൈന്‍ തയാറാക്കിയവര്‍ വരുത്തിയ സാങ്കേതിക പിഴവു കാരണം ടെന്‍ഡര്‍ വിളിച്ച പ്രവൃത്തി നടത്താന്‍ കഴിയില്ല എന്നു ബോധ്യപ്പെട്ടത് മന്ത്രി ജി.സുധാകരന്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റ ശേഷമാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. ബൈപ്പാസ് പണിയാതിരിക്കാന്‍ കഴിയില്ല. ഇതിന്റെ ഭാഗമായി പുതിയ ഡിസൈന്‍ വരപ്പിച്ചു. പുതിയ ഡിസൈന്‍ പ്രകാരം മണ്ണിട്ട് ഉയര്‍ത്താന്‍ കഴിയാത്ത സ്ഥലത്ത് ഫ്‌ളൈഓവര്‍ നിര്‍മിക്കണമെങ്കില്‍ 37 കോടി രൂപ അധികമായി വേണ്ടി വരുമെന്നു വിലയിരുത്തി. ഈ തുകയ്ക്ക് ലോക ബാങ്കിന്റെ അനുവാദം വാങ്ങി ടെന്‍ഡര്‍ നടപടികള്‍ നടന്നു വരുകയാണ്. ചിലര്‍ പറയും ബൈപ്പാസ് വൈകുന്നുവെന്ന്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സ്ഥലം എംഎല്‍എ എന്ന നിലയില്‍ ഞാനും വകുപ്പ് മന്ത്രി ജി. സുധാകരനും നിരന്തരമായി ഇടപെടുകയും വലിയ പ്രയത്‌നം ചെയ്യുകയും ചെയ്താണ് നിര്‍മിക്കാന്‍ കഴിയുന്ന ഡിസൈന്‍ വരച്ച് എസ്റ്റിമേറ്റ് എടുത്ത് ലോകബാങ്കിന്റെ അനുവാദം വാങ്ങി ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.
തിരുവല്ല പട്ടണം ഒഴിവാക്കിയാണ് ബൈപ്പാസിന് 1996ല്‍ ഡിസൈന്‍ തയാറാക്കിയത്. തിരുവല്ല പട്ടണത്തെ കെഎസ്ടിപി നവീകരണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് മന്ത്രി ജി. സുധാകരനാണ്. ഇതിന് 5.7 കോടി രൂപയുടെ അനുമതി ലഭിക്കുകയും ടെന്‍ഡര്‍ ചെയ്യുകയും ചെയ്തു. തിരുവല്ലയോട് വളരെ അനുഭാവ പൂര്‍വമായ സമീപനമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. പനച്ചിമൂട്ടില്‍ കടവ് പാലം പണി വൈകുന്നതിന് പലരും പരാതി പറയുന്നുണ്ട്. നബാര്‍ഡ് സഹായത്തോടെയാണ് ഈ പണി ആരംഭിച്ചത്. ഈ പാലത്തിന് ആവശ്യമായ മുഴുവന്‍ സ്ഥലവും സൗജന്യമായി നല്‍കിയാല്‍ മാത്രമേ നബാര്‍ഡിന്റെ പണം ഉപയോഗിച്ചു നിര്‍മാണം നടത്താന്‍ കഴിയുകയുള്ളു. സ്ഥലം നല്‍കാമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പില്‍ നിന്ന് നാട്ടുകാര്‍ പുറകോട്ടു പോയി. നബാര്‍ഡ് പണി അവസാനിപ്പിച്ച് പോയി. സ്ഥലം എടുക്കാന്‍ നബാര്‍ഡിന് പണം തരാന്‍ ആകില്ല. പനച്ചിമൂട്ടില്‍ കടവ് പാലം എന്ന പണി ബജറ്റിലില്ല. നബാര്‍ഡ് വര്‍ക്കായതാണ് കാരണം. ഇതിനു പരിഹാരം കാണുന്നതിന്റെ ഭാഗമായി മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ച് പുതിയ ഹെഡ് , ന്യൂ പ്രൊസീജ്വറല്‍ കോഡ് എന്ന നടപടിക്രമം ധനകാര്യ വകുപ്പില്‍ ആരംഭിച്ച് പനച്ചിമൂട്ടില്‍ കടവിന്റെ അപ്രോച്ച് റോഡിന് പണം കണ്ടെത്തി ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. ഇതാണ് കാലതാമസം വന്നു എന്നു പറയുന്നത്. ആദ്യം സൗജന്യമായി ഭൂമി നല്‍കാമെന്നു പറഞ്ഞിടത്തു ഭൂമി കിട്ടാതെ വന്നപ്പോള്‍, ബജറ്റില്‍ ഇല്ലാതിരുന്ന ഒരു ഹെഡ് ഉള്‍ക്കൊള്ളിച്ചാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
- Log in to post comments