Skip to main content

സൗത്ത് ബീച്ച് സൗന്ദര്യവത്കരണം; ഉദ്ഘാടനം നാളെ

പൈതൃക സ്മരണകള്‍ ഉണര്‍ത്തുന്ന കടല്‍പ്പാലം, ഗുജറാത്തി സ്ട്രീറ്റ് എന്നിവ കൊണ്ട് പ്രശസ്തമാണ് വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ജില്ലയിലെ പ്രധാന ബീച്ചുകളിലൊന്നായ സൗത്ത് ബീച്ച്. തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്  വിദേശമാതൃകയില്‍ പണികഴിപ്പിച്ച ഈ  ബീച്ച്. സൗന്ദര്യവത്കരണം പൂര്‍ത്താക്കി വിനോദസഞ്ചാര വികസന സാധ്യതകള്‍ ഏറെയുള്ള ബീച്ച് നാളെ (ജൂലായ് 19) സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും.
സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവൃത്തി നടപ്പിലാക്കിയത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ്. ബീച്ച് നവീകരണത്തിനായി 3.85 കോടി രൂപയോളം സംസ്ഥാന വിനോദസഞ്ചാരവകുപ്പ് ചെലവഴിച്ചിട്ടുണ്ട്. ബീച്ചിന്റെ വികസനത്തോടുകൂടി സമീപത്തുള്ള ഗുജറാത്തി സ്ട്രീറ്റ്,  മിശ്കാല്‍ മസ്ജിദ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ക്ക് എത്തിചേരുന്നതിന് വഴിയൊരുക്കും. നീണ്ടുകിടക്കുന്ന നടപ്പാത, ഇരിപ്പിടങ്ങള്‍, അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ശൗചാലയങ്ങള്‍, ലൈറ്റിംഗ് സൗകര്യങ്ങള്‍, വിശ്രമസ്ഥലം, കോമ്പൗണ്ട് വാള്‍ എന്നിവയാണ് ബീച്ചില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.  
ബീച്ച് സൗന്ദര്യവല്‍ക്കരണ പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം നാളെ(ജൂലായ് 19) വൈകീട്ട് ഏഴു മണിക്ക് സഹകരണ വിനോദസഞ്ചാര, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. സൗത്ത് ബീച്ച് പരിസരത്ത് നടക്കുന്ന ചടങ്ങില്‍  തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പദ്ധതി പൂര്‍ത്തീകരണ കൈമാറ്റം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
 

date