Skip to main content

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍ :  ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഇന്ന് തുടങ്ങും

 

    അട്ടപ്പാടി മുക്കാലിയിലുളള മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഇന്ന് (ജൂലൈ 18) തുടങ്ങും.  കോഴ്സിന്‍റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 28 ന് വൈകിട്ട് നാലിന് പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്കക്ഷേമ- നിയമ-സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. 2018 ജൂണ്‍ രണ്ടിനാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം തുടങ്ങാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുമതി നല്‍കി ഉത്തരവിറക്കിയത്.  ചുരുങ്ങിയ കാലയളവിനകം ഐ.റ്റി.ഡി.പി ഓഫീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് കോഴ്സിന്‍റെ വിഷയങ്ങള്‍ നിശ്ചയിച്ച്  ഒരു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് വിഷയങ്ങളുള്‍പ്പെടുന്ന സയന്‍സ് ബാച്ചും ഇക്കണോമിക്സ്, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി ഉള്‍പ്പെടുന്ന ഹുമാനിറ്റീസ് ഗ്രൂപ്പുമാണ് നിലവില്‍ തുടങ്ങിയിരിക്കുന്നത്.  60 ശതമാനം പട്ടികവര്‍ഗ വിഭാഗത്തെ കൂടാതെ 30 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം ജനറല്‍ വിഭാഗത്തിനും മാറ്റിവെച്ചിട്ടുണ്ട്.  മറ്റ് രണ്ട് വിഭാഗത്തില്‍ നിന്നും വിദ്യാര്‍ഥികളില്ലെങ്കില്‍ ഈ സീറ്റുകളും പട്ടികവര്‍ഗക്കാര്‍ക്ക് അനുവദിക്കും.  50 വീതം സീറ്റുകളാണ് ഇരു ഗ്രൂപ്പുകളിലുളളത്.  സയന്‍സിന് 34 ഉം ഹുമാനിറ്റീസ് 26 പേരും പ്രവേശനം നേടിയതായി ഐ.റ്റി.ഡി.പി പ്രൊജക്റ്റ് ഓഫിസര്‍ കൃഷ്ണപ്രകാശ് അറിയിച്ചു.  ജില്ലയ്ക്ക് പുറത്തുളളവര്‍ക്കും പ്രവേശനം അനുവദിക്കും. 

date