Skip to main content

കാലവര്‍ഷക്കെടുതി:  2300 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു- മന്ത്രി

 

കാലവര്‍ഷ കെടുതിയില്‍ ജില്ലയില്‍ തുറന്ന 104 ക്യാമ്പുകളായി 2300 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലയുടെ ചുമതലയുള്ള വനം- മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ മന്ത്രി അഡ്വ. കെ.രാജു അറിയിച്ചു. കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജില്ലയിലെ സ്ഥിതിഗതികള്‍ മന്ത്രി അവലോകനം ചെയ്തു.  കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലുളള 8577 പേരാണ് ക്യാമ്പുകളില്‍ ഉളളത്. ഇവര്‍ക്കുളള ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടറോടൊപ്പം ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരോടും സ്ഥിതിഗതികള്‍ സൂക്ഷമമായി വിലയിരുത്താനും മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാറമ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ രോഗികളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊക്കയാര്‍ വില്ലേജില്‍ കുഴിപ്പാ പറമ്പില്‍ സ്റ്റോറിന് മുന്‍വശത്ത് പൂവഞ്ചി പാറമടയ്ക്ക്  സമീപം രണ്ടു പേരെ മീന്‍പിടുത്തത്തിനിടയില്‍ കാണാതായി. കാലവര്‍ഷക്കെടുതിയില്‍ 148 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. 42 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. മീനച്ചില്‍ താലൂക്കിലെ തലനാട് വില്ലേജില്‍ ചോനമലയിലാണ്  ഉരുള്‍പ്പൊട്ടിയത്.  നഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഷ്ട പരിഹാരം വേഗത്തില്‍ കൊടുത്തു തീര്‍ക്കും. 

  (കെ.ഐ.ഒ.പി.ആര്‍-1460/18)

date