Skip to main content
 ആറളം ആദിവാസി വനിതകൾക്ക് സംരംഭങ്ങൾക്കായുള്ള വായ്പ വിതരണം ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെപി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

സംരംഭ മേഖലയിൽ ചുവടുറപ്പിച്ച് ആറളം ആദിവാസി വനിതകൾ

ആറളം കുടുംബശ്രീ സിഡിഎസിന്റെ കമ്മ്യൂണിറ്റി എന്റർപ്രെസസ് ഫണ്ടിൽ ഉൾപ്പെടുത്തി 18 ആദിവാസി വനിതകൾക്ക് സംരംഭങ്ങൾക്കായി 616000 രൂപ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് പശു, പോത്ത്, ആട് പരിപാലനം, കിയോസ്‌ക്, തയ്യൽ യൂണിറ്റ് എന്നീ സംരംഭങ്ങൾ തുടങ്ങാൻ വായ്പ വിതരണം ചെയ്തത്. പ്രത്യേകം പരിശീലനം ലഭിച്ച 18 വനിതകൾക്കാണ് വായ്പ നൽകിയത്. പശുവളർത്തലിന് മൂന്നുപേർക്ക് 50000 രൂപയും പോത്ത് വളർത്തലിന് അഞ്ച് പേർക്ക് 30000 രൂപയും ആട് വളർത്തലിന് അഞ്ച് പേർക്ക് 30000 രൂപയും കിയോസകിനായി മൂന്നുപേർക്ക് 30000 രൂപയും തയ്യൽ സംരംഭം ആരംഭിക്കാൻ രണ്ടുപേർക്ക് 8000 രൂപ വീതവുമാണ് വായ്പ വിതണം ചെയ്തത്. വായ്പകൾ ഒന്നര വർഷത്തിനകം തിരിച്ചടക്കണം.

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജെസി മോൾ വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എം. സുർജിത്ത് സംരംഭകർക്കുള്ള വായ്പ വിതരണം നിർവ്വഹിച്ചു. ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സംരംഭ യൂണിറ്റുകളായ ആദി കുട, ട്രൈ സ്റ്റാർ എൽ ഇ ഡി ബൾബ് എന്നിവയുടെ ലാഭവിഹിത വിതരണം ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വത്സ ജോസ് നിർവഹിച്ചു. ആറളം സി ഡി എസ് ചെയർപേഴ്സൺ സുമ ദിനേശൻ, എ ഡി എം സി, വി വി അജിത, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരായ കെ അശ്വനി, എ നീലിമ, ആറളം പട്ടികവർഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ് സംസാരിച്ചു.

date