Skip to main content

കാലവര്‍ഷം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കാലവര്‍ഷം ശക്തമാകുകയും ജില്ലയിലെ പലയിടങ്ങളും വെള്ളത്തിനടിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 
കുടിവെള്ള സ്രോതസ്സുകളും പരിസരവും മലിനമാകാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ജലജന്യരോഗങ്ങള്‍ക്കെതിരെ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കുവാന്‍ ഉപയോഗിക്കാവൂ. ആഹാരം കഴിക്കുന്നതിനു മുമ്പും ശൗചാലയത്തില്‍ പോയ ശേഷവും സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകേണ്ടതാണ്. 
പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ആഹാരസാധനങ്ങള്‍ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കുക. പഴകിയ .ക്ഷണസാധനങ്ങളും ചീഞ്ഞളിഞ്ഞ പഴങ്ങളും ഉപയോഗിക്കാതിരിക്കുക. ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 
വ്യാപകമായി വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടതിനാല്‍ എലിപ്പനി പിടിപെടാന്‍ സാധ്യത കൂടുതലാണ്. അഴുക്കുവെള്ളത്തില്‍ ഇറങ്ങി ജോലി ചെയ്യുന്നവര്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വെള്ളത്തില്‍ നിന്ന് കയറിയാല്‍ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകി ആന്റിബയോട്ടിക്ക് ഓയിന്‍മെന്റ് പുരട്ടേണ്ടതാമാണ്. ചെളിക്കെട്ടുകളില്‍ ജോലി ചെയ്യുന്നവര്‍ ഗംബൂട്ട്‌സ്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് രോഗപ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതുമാണ്. 
കുടിവെള്ള സ്രോതസ്സുകള്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍േദശാനുസരണം ബ്ലീച്ചിങ്ങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കേണ്ടതാണ്. എലിപ്പനി പിടിപെടുന്നവരില്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമുണ്ടാകും എന്നതിനാല്‍ മഞ്ഞപ്പിത്ത ലക്ഷണം കാണിക്കുന്നവര്‍ ഡോക്ടറെ കണ്ട് എലിപ്പനി അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഡി.എം.ഒ അറിയിച്ചു. 

date