Skip to main content

ഹരിത സഞ്ചാരം: നാട്ടു പച്ചപ്പിന് വഴിയൊരുക്കി  നന്ദിയോട് ഗ്രാമപഞ്ചായത്ത്

 

 

 നെല്‍കൃഷി തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ ഹരിത സഞ്ചാരം സംഘടിപ്പിച്ചു.  ആനകുളം ഏലയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഡി.കെ. മുരളി എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹരിത സഞ്ചാരം പനവൂര്‍ ഏലയില്‍ സമാപിച്ചു.

ഇപ്പോള്‍ വാഴയും പച്ചക്കറികളും കപ്പയും കൃഷി ചെയ്യുന്ന പാടങ്ങളില്‍ നെല്‍കൃഷി സജീവമാക്കാനും 50 ശതമാനത്തോളം  അധിക വരുമാനം കര്‍ഷകര്‍ക്ക് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. 

കൃഷിയിടങ്ങളിലെ ഇരുകരകളിലേയും ഉടമസ്ഥര്‍ സഹകരിച്ചാല്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ വിശാലമായ ഒരു പാടം സൃഷ്ടിക്കപ്പെടും.  വേനല്‍ക്കാലത്തെ കൊടും വരള്‍ച്ചയും മണ്‍സൂണ്‍ വെള്ളപ്പൊക്ക സാധ്യതയും ഒരു പരിധിവരെ കുറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും നെല്‍ കൃഷിയി പുനസ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. 

നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, സ്ഥിരംസമിതി ചെയര്‍മാന്മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍, കൃഷിക്കാര്‍ എന്നിവരും പങ്കെടുത്തു.
(പി.ആര്‍.പി. 1923/2018)

date