Skip to main content

ആസ്വാദക മനം നിറച്ച് സുധ രഘുനാഥും സംഘവും

 

സംഗീതത്തിന്റെ ഭാവ തീവ്രതയിൽ ആസ്വാദക മനം നിറച്ച് സുധ രഘുനാഥും സംഘവും. ജനകീയ കീർത്തനങ്ങൾ വശ്യമനോഹരമായി അവതരിപ്പിച്ച്  നിറസദസ്സിലെ സംഗീതാസ്വാദകരെ സംഘം ആനന്ദത്തിലാറാടിച്ചു. വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് തളി ഓപ്പണ്‍ സ്റ്റേജ് വേദിയിലാണ്  കർണാടക ഗായികയും സംഗീത സംവിധായികയുമായ സുധ രഘുനാഥിന്റെ കച്ചേരി അരങ്ങേറിയത്.

കമാസ് രാഗത്തിലൂടെയാണ് സംഗീത രാവിന് സുധ രഘുനാഥ്  തുടക്കം കുറിച്ചത്. മാധേ ധരുവർണം എന്ന കീർത്തനം കമാസ് രാഗത്തിൽ 
ആലപിച്ചത് സദസ്സ് കൈയടിയോടെ   ഏറ്റുവാങ്ങി. ഗണേഷ ഗണപതി കീർത്തനം ഹംസധ്വനി രാഗത്തിലും മേൻകൃതി കീർത്തനം ഷൺമുഖപ്രയരാഗത്തിലും അവതരിപ്പിച്ചു. ആസ്വാദകർക്ക് ഇഷ്ടപ്പെട്ട ഭക്തിഗാനങ്ങളും വേദിയിൽ  അവതരിപ്പിച്ചത് സദസ്യരെ ഭക്തസാന്ദ്രമാക്കി.

ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി വേദികളില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ച വ്യക്തിയാണ് സുധ രഘുനാഥ്. സംഗീത മേഖലയിൽ അവർ നൽകിയ സംഭാവനകൾ മാനിച്ച് 2004 ൽ രാജ്യം അവരെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

 സംഗീത വേദിയിൽ തിരുവിഴ വിജു എസ് ആനന്ദ് വയലിനിലും നാഞ്ചിൽ അരുൾ മൃദംഗത്തിലും ആദ്യച്ചനെല്ലൂർ അനിൽകുമാർ ഘടത്തിലും അകമ്പടിയൊരുക്കി.

date