Skip to main content

വേദനകള്‍ മറന്ന് ഓണമുണ്ട് സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍  

പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ ഈ ഓണം അത്രമേല്‍ ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ തിരുവോണനാളിലെ ആഘോഷപരിപാടികളില്‍ ഇവിടുള്ളവര്‍ ഓരോരുത്തരും മതിമറന്ന് പങ്കാളികളായി. കളിചിരികളും ഓണപ്പാട്ടുകളും ഓണസദ്യയുമൊക്കെയായി ഗംഭീര ഓണാഘോഷം. പ്രായം മറന്നും അന്തേവാസികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവരുടെയും മനസും നിറഞ്ഞു.
രാവിലെ 11ന് ആരംഭിച്ച ആഘോഷപരിപാടികള്‍ വൈകിട്ട് വരെ നീണ്ടു. പൂക്കളമത്സരം, ഓണച്ചിന്തകള്‍. ഓണപ്പാട്ട് മത്സരം തുടങ്ങിയ പരിപാടികളും വയോജനങ്ങള്‍ക്ക് നവ്യാനുഭവമായി. ഓണച്ചിന്തയില്‍ പോയകാലത്തെ ഓണം ഓര്‍മകള്‍ പങ്കുവെച്ച് എല്ലാവരും ഗൃഹാതുരത്വം വീണ്ടെടുത്തു. അത്തം മുതല്‍ പത്ത് നാള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും ഓര്‍മകളുമെല്ലാം അവിടെയെത്തിയ പുതുതലമുറക്ക് നവ്യാനുഭവമായി. വിഭവസമൃദ്ധമായിരുന്നു ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഓണസദ്യ. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ്, ഡി.ടി.പി.സി ജീവനക്കാര്‍, വൃദ്ധസദനം ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഡി. ടി.പി.സി ജില്ലാഭരണകൂടവുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷത്തിന്റെ നാലാം ദിനമായ വെള്ളിയാഴ്ച കാഞ്ഞങ്ങാട്  ടൗണ്‍ ഹാളില്‍ രാവണേശ്വരം അഴിക്കോടന്‍ ഗോത്ര പെരുമയുടെ അലാമിക്കളി, പുതിയ കണ്ടം വുമണ്‍ സ്റ്റാറിന്റെ ഓണക്കളിയും കൈ കൊട്ടികളിയും അരങ്ങിലെത്തി.  കര്‍മ്മ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് കലാകാരന്‍മാരുടെ കണ്ണകി നൃത്തസംഗീത ശില്‍പ്പം വേറിട്ട ദൃശ്യാനുഭവമായി. ശനിയാഴ്ച വൈകിട്ട് മൂന്നിന് ജില്ലാതല വടംവലി മത്സരം നടക്കും. തുടര്‍ന്ന് ആറ് മണിക്ക് കുടുംബശ്രീ കലാകാരികളുടെ തിരുവാതിര, സങ്കീര്‍ത്തന നാടന്‍കലാവേദി കോട്ടുമല വളഞ്ഞങ്ങാനം അവതരിപ്പിക്കുന്ന മംഗലംകളി എന്നിവയുടെ അവതരണമുണ്ടാകും. രാത്രി ഏഴിന് റെയിബാന്റ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.

date