ആവേശം അലതല്ലി; കരകള്‍ക്ക് ഉത്സവമായി ജലോത്സവം
പ്രളയത്തെയും കോവിഡ് മഹാമാരിയെയും അതിജീവിച്ച് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ആറന്മുള ഉതൃട്ടാതി ജലോത്സവം അക്ഷരാര്‍ഥത്തില്‍ കരകളുടെ ഉത്സവമായി മാറി. പമ്പയുടെ ഇരുകരകളിലും ആയിരക്കണക്കിനു പേര്‍ ജലോത്സവം കാണാന്‍ എത്തിയിരുന്നു. ഇടയ്ക്കിടെ മഴ വന്നും പോയും ഇരുന്നെങ്കിലും പള്ളിയോടങ്ങള്‍ അണിനിരക്കുകയും വഞ്ചിപ്പാട്ടുകള്‍ മുഖരിതമാകുകയും ചെയ്തതോടെ ആവേശം കൊടുമുടി കയറി. യുവാക്കള്‍ സത്രക്കടവില്‍ പവലിയനു താഴെ പമ്പയിലേക്ക് ഇറങ്ങി വഞ്ചിപ്പാട്ട് പാടിയത് ആവേശം വാനോളം ഉയര്‍ത്തി.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വള്ളംകളിക്ക് മുന്‍പായി സത്രക്കടവിലെത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ദുഖാചരണം പ്രഖ്യാപിച്ചിരുന്നതിനാല്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ജലോത്സവത്തില്‍ പങ്കെടുത്തില്ല. മത്സര വള്ളംകളിക്കു മുന്നോടിയായി പള്ളിയോടങ്ങള്‍ക്കൊപ്പം, വേലകളി, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ അണിനിരന്ന ജലഘോഷയാത്ര വര്‍ണാഭമായി.
സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ഭരണകൂടം, പള്ളിയോട സേവാസംഘം, വിവിധ വകുപ്പുകള്‍ എന്നിവയുടെ മികച്ച ഏകോപനം ഇത്തവണത്തെ ഉതൃട്ടാതി ജലോത്സവത്തെ വലിയ വിജയമാക്കി മാറ്റി.
- Log in to post comments