നാട്ടുപാട്ടിന്റെ ഈരടികളുമായി തൈവമക്കൾ, ലാസ്യഭാവങ്ങളിൽ ലക്ഷ്മി ഗോപാലസ്വാമി
ഓണാഘോഷത്തിന് നാളെ സമാപനം
മണ്ണിന്റെ മണമുള്ള നാടന്‍പാട്ടിന്റെ ശീലിനൊപ്പം ചെറുചുവടുകൾവെച്ച് തുടങ്ങിയ നാലാംനാളിലെ ഓണാഘോഷം സദസ്സിനെയാകെ ഇളക്കിമറിച്ച ആഘോഷമായി മാറി. പോയകാലത്തിന്റെ സ്പന്ദനങ്ങളും ആചാരങ്ങളുടെ നാട്ടുനന്മയും സാംസ്കാരിക വൈവിധ്യങ്ങളുടെ ഈരടികളും നാടൻപാട്ടായി പെയ്തിറങ്ങിയപ്പോൾ സദസ്സ് പാട്ടുകൂട്ടത്തിനൊപ്പം ചുവടുവെച്ചു. തൈവമക്കള്‍ അവതരിപ്പിച്ച നാടൻ പാട്ട് പെയ്തുതോർന്നപ്പോഴേക്കും നൃത്തത്തിന്റെ അഭൗമസൗന്ദര്യവുമായി ലക്ഷ്മി ഗോപാലസ്വാമിയും സംഘവുമെത്തി. പാരമ്പര്യവും പരീക്ഷണവും ലയിച്ചുചേർന്ന നൃത്തത്തിന്റെ താളലയങ്ങളിൽ നഗരം മയങ്ങി.
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തൃശൂർ കോർപറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ നാലാംനാളും ജനസഞ്ചയം ഒഴുകിയെത്തി. ഏറെ കാത്തിരിപ്പിനൊടുവിൽ വന്നെത്തിയ ആഘോഷത്തിന്റെ മാറ്റുകുറയ്ക്കാൻ മഴയ്ക്കുമായില്ല. തോരാമഴയിലും ഇരിപ്പിടങ്ങൾ നിറഞ്ഞ് കാണികൾ ഉണ്ടായി. തൈവമക്കൾ അവതരിപ്പിച്ച നാടന്‍പാട്ടിനൊപ്പം സദസ്സും ചുവടുവെച്ചു. പ്രായ-ലിംഗ ഭേദമില്ലാതെ സംഗീതം മാത്രം ലഹരിയാവുന്ന മനോഹരമായ നിമിഷങ്ങൾക്ക് തേക്കിൻകാട് വേദിയായി.
തുടർന്ന് ലക്ഷ്മി ഗോപാലസ്വാമിയും സംഘവും ക്ലാസിക്കൽ നൃത്തവുമായി വേദിയും സദസ്സിന്റെ ഹൃദയവും കീഴടക്കി. ക്ലാസിക്കൽ സംഗീതത്തിനൊപ്പം ചലച്ചിത്ര സെമിക്ലാസിക്കൽ സംഗീതവും നൃത്തത്തിന് പിന്നണിയായി.
സമാപന ദിവസമായ ഞായറാഴ്ച ഏറെക്കാലത്തിനുശേഷം നഗരത്തിൽ പുലികളിറങ്ങും. ഉച്ചയ്ക്ക് ശേഷം വിവിധ സംഘങ്ങളുടെ പുലിക്കളി ടീമുകൾ നഗരം കീഴടക്കും. ഇതോടെ അഞ്ചുനാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് വരണാഭമായ സമാപനമാകും. ഔദ്യോഗിക ദുഃഖാചരണമുണ്ടെങ്കിലും മുൻപ് നിശ്ചയിച്ച പരിപാടികൾക്ക് മാറ്റമുണ്ടായിരിക്കില്ല.
- Log in to post comments