Skip to main content

അതിദരിദ്രര്‍ ഇല്ലാത്ത ജില്ലയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി കാസര്‍കോട്

അതിദരിദ്രരായി ആരുമില്ലാത്ത ജില്ലയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ 2768
പേരെയാണ് അതിദരിദ്ര സര്‍വേയിലൂടെ കണ്ടെത്തിട്ടുള്ളത്. നിത്യദാരിദ്രത്തില്‍ നിന്നും ഇവരെ മോചിപ്പിക്കുന്നതിനായി അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സൂക്ഷ്മപദ്ധതി തയ്യാറാക്കുകയാണ് അധികൃതര്‍.അതിദരിദ്രരില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രത്യേകം സൂക്ഷ്മപ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനായി ശില്‍പ്പശാലകള്‍ ആരംഭിച്ചിട്ടുണ്ട്. കിലയുടെ സഹായത്തോടെയുള്ള ശില്‍പശാലകള്‍ ത്രിതല പഞ്ചായത്ത് തലത്തിലും നഗരസഭകളിലും നടത്തുന്നുണ്ട്.

ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.പ്രദീപനാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത്, ബ്ലോക്ക്തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ജില്ലാതല ശില്‍പശാല നടത്തി. അതിദരിദ്രരെ കണ്ടെത്തിയ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, വാര്‍ഡ് തല സമിതി കണ്‍വീനര്‍മാര്‍, അതിദരിദ്രരെ കണ്ടെത്തുന്നതിനായി രൂപീകരിച്ച കോര്‍ഡിനേഷന്‍ സമിതിയിലെ അംഗങ്ങള്‍, എന്യൂമറേറ്റര്‍മാര്‍, കോര്‍ഡിനേറ്റര്‍മാരായി നിയമിച്ച ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ശില്പശാലകളും ആരംഭിച്ചിട്ടുണ്ട്.

അതി ദരിദ്രര്‍ക്കായി ഏറ്റവും മുന്‍ഗണന കൊടുത്ത് പരിഹരിക്കേണ്ട ആവശ്യങ്ങള്‍ എന്തെന്ന് ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും. കുടുംബത്തെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ എന്തൊക്കെ പിന്തുണവേണം, അവ ലഭ്യമാക്കുന്നതെങ്ങനെ, എത്ര കാലം പിന്തുണ നല്‍കണം, എത്ര ചെലവ് വരും തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് ശില്‍പശാല സഹായിക്കും. അതിദരിദ്രര്‍ക്കിടയില്‍ വോട്ടര്‍ ഐ.ഡി, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഇല്ലത്തവര്‍ക്ക് അടിയന്തിര സേവനമായി ഇവ ലഭ്യമാക്കും. ആധാര്‍ കാര്‍ഡ് ഇല്ലാത്ത 315 പേര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത 1107പേര്‍, റേഷന്‍ കാര്‍ഡ് ഇല്ലാത്ത 386 പേരും ജില്ലയില്‍ ഉണ്ട്. മംഗല്‍പാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അതിദരിദ്രര്‍ ഉള്ളത്. 219 പേര്‍. കാസര്‍കോട് നഗരസഭയില്‍ 143, നീലേശ്വരം 56, കാഞ്ഞങ്ങാട് 130 പേരും അതി ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അതി ദരിദ്രരില്ലാത്ത കാസര്‍കോട് എന്നതാണ് ലക്ഷ്യമെന്നും അതോടപ്പം അവര്‍ക്ക് ആവശ്യമായ എല്ലാവിധ ഉപജീവന സൗകര്യങ്ങളും നല്‍കി മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും നോഡല്‍ ഓഫീസര്‍ കെ.പ്രദീപന്‍ പറഞ്ഞു.

date