Skip to main content

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍  'യോദ്ധാവ'് പദ്ധതി

വിദ്യാര്‍ഥികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും ബോധവത്കരണത്തിനുമായി പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ന 'യോദ്ധാവ'് എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി. മയക്കുമരുന്നിന്റെ ഉപയോഗം വിദ്യാര്‍ഥികളില്‍ കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി പൊലീസ് രംഗത്തെത്തുന്നത്. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും.
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഓരോ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകനെ വീതം തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകര്‍ 'യോദ്ധാവ്' എന്ന പേരില്‍ അറിയപ്പെടും. മാസത്തിലൊരിക്കല്‍ എസ്.എച്ച്.ഒമാര്‍ ഇവരുടെ യോഗം വിളിക്കുകയും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിമാരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍. ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുടെ സേവനവും പദ്ധതിയുടെ ഭാഗമാക്കും.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ കോളേജ്തല അദ്ധ്യാപകര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ജില്ലാ പോലീസ് അനക്‌സ് ഹാളില്‍ ജില്ല പോലീസ് മേധാവി എസ് സുജിത്ദാസ്  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ്‌കുമാര്‍, എ.ഇ.ഒ സെയിതലവി മങ്ങാട്ട്പറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.  നാര്‍കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി സി ബിനുകുമാര്‍, എ.എസ്.ഐ ഷൈജു കാളങ്ങാടന്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലയിലെ വിവിധ സ്‌കൂള്‍,കോളേജുകളില്‍ നിന്നുള്ള 175 ഓളം അദ്ധ്യാപകര്‍ക്കായിരുന്ന ആദ്യ ഘട്ട പരിശീലനം നല്‍കിയത്.
(ഫോട്ടോ അടിക്കുറിപ്പ:് യോദ്ധാവ് പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ് ഉദ്ഘാടനം ചെയ്യുന്നു.)

date