ജീവകാരുണ്യത്തിന് ക്യാമ്പസിന്റെ കൈത്താങ്ങ്: വീ കെയർ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് (സെപ്റ്റംബർ 17) സെന്റ് ജോസഫ്‌സിൽ
കേരള സാമൂഹ്യ സുരക്ഷാ മിഷനോടൊപ്പം നാഷണൽ സർവീസ് സ്‌കീമും നാഷണൽ കേഡറ്റ് കോർപ്‌സും ചേർന്ന് നടപ്പിലാക്കുന്ന വീ കെയർ ജീവകാരുണ്യ പദ്ധതിക്ക് ഇന്ന് (സെപ്റ്റംബർ 17) ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭാരിച്ച ചികിത്സാച്ചെലവുള്ളതും സങ്കീർണവുമായ രോഗമുള്ളവർക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വീ കെയർ. വൃക്ക മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള ശസ്ത്രക്രിയയ്ക്കും മറ്റു അടിയന്തിര ശാസ്ത്രക്രിയകൾക്കും പദ്ധതി സഹായകമാകും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകും. സംസ്ഥാനത്തെ 4000 എൻ എസ് എസ് യൂണിറ്റുകളും 92000 എൻ സി സി വൊളന്റിയർമാരും 1000 അധ്യാപകരും പദ്ധതിയുടെ ഭാഗമാകും.
സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതിവിഹിതത്തിനു പുറമെ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിച്ചാകും പദ്ധതി മുന്നോട്ടുപോവുക. ഇതിനായി എല്ലാ ക്യാമ്പസുകളിലും എൻ എസ് എസ് - എൻ സി സി വൊളന്റിയർമാരെ കർമ്മരംഗത്തിറക്കും. പൊതുജനങ്ങൾക്ക് കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ പേരിൽ എസ് ബി ഐയുടെ തിരുവനന്തപുരം സ്റ്റാച്യൂ ശാഖയിലെ 30809533211 എന്ന അക്കൗണ്ടിലേക്കും KSSMKERALA@SBI എന്ന യുപിഐ ഐഡി വഴിയും സംഭാവന ചെയ്യാം. ക്യാമ്പസുകൾ വഴി ഈ പ്രവർത്തനത്തിന് വ്യാപക പ്രചാരണം നൽകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ശനിയാഴ്ച ഉച്ചക്ക് 12ന് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ മന്ത്രി ആർ ബിന്ദു പദ്ധതി നിർവഹിക്കും. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എം എസ് ഷെറിൻ, ഇരിഞ്ഞാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, കൗൺസിലർമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, അഡ്വ. കെ ആർ വിജയ, എൻ സി സി ഗ്രൂപ്പ് കമാൻഡർ ഹരികൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ വീ കെയർ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ഡോ. സുബി സുകുമാരൻ, കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ എസ് എസ് കോഓർഡിനേറ്റർ ഡോ. ടി വി ബിനു, 23കെ ബറ്റാലിയൻ എൻസിസി കേണൽ സുനിൽ നായർ എന്നിവർ പങ്കെടുത്തു.
- Log in to post comments