ദുരിതാശ്വാസം: കേന്ദ്ര മാനദണ്ഡങ്ങള്‍ മാറണം -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
ദുരിതാശ്വാസ ധനസഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും അതില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തൃശൂരില്‍ ജില്ലാ ഫിഷറീസ് കാര്യാലയത്തിനായി നിര്‍വഹിച്ച ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിംഗ് സെന്‍റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ദുരിതാശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതിലും തുച്ചം തുകയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കേള്‍ക്കുമ്പോള്‍ കോടിക്കണക്കിന് രൂപയുണ്ടാകുമെങ്കിലും ആളോഹരി അനുപാതം തുലോം തുച്ഛമാണ്. മാനദണ്ഡം ശരിയല്ലാത്തതിനാല്‍ പലപ്പോഴും തുക അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ കഴിയാത്ത സ്ഥിതി വിശേഷമുണ്ട്. ഇത് മാറണം. മാനദണ്ഡങ്ങള്‍ പരിഷ്ക്കരിക്കണം. മന്ത്രി പറഞ്ഞു. ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
ഇഷ്ടിക കളങ്ങളേയും മറ്റ് ജലാശയങ്ങളേയും മത്സ്യകൃഷിയ്ക്കായി പ്രയോജനപ്പെടുത്തും.തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. അവകാശബോധത്തിനൊപ്പം ചുമതലാ ബോധം കൂടെ നമ്മള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. ചെറുമത്സ്യങ്ങളെ കൊല്ലുന്നത് കുഞ്ഞുങ്ങളെ കൊല്ലുന്നതിന് തുല്യമാണ്. മാനേജ്മെന്‍റ്കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഇടപെടണം മന്ത്രി പറഞ്ഞു.
മേയര്‍ അജിതാ ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ബീനമുരളി, മറ്റ് രാഷ്ട്രീയപാര്‍ട്ടി, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മത്സ്യ കൃഷി അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഏകദിന മത്സ്യകൃഷി പരിശീല ക്ലാസ് നടന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് സാജു സ്വാഗതവും പറഞ്ഞു. അസിസ്റ്റന്‍റ് ഡയറക്ടര്‍ പ്രശാന്തന്‍ നന്ദിയും പറഞ്ഞു.
- Log in to post comments