വിസ്മയ കാഴ്ചകള്‍ സമ്മാനിച്ച് മലബാര്‍ റിവര്‍ ഫെസ്റ്റിവലും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും സമാപിച്ചു
സാഹസികതയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനും ആദ്യ അന്താരാഷ്ട്ര വൈറ്റ്് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനും ഉജ്ജ്വല സമാപനം. അഞ്ച് ദിവസങ്ങളിലായി ചക്കിട്ടപ്പാറ, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലായാണ് ദേശീയ-അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുത്ത മലബാര്‍ റിവര്‍ ഫെസ്റ്റ് അരങ്ങേറിയത്. സംസ്ഥാനത്ത് മണ്‍സൂണ്‍ ടൂറിസത്തിന് പുതിയ സാധ്യതകള്‍ തുറന്നിട്ടാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ ചരിത്രത്തിലേക്ക് മറഞ്ഞത്. ഒളിമ്പിക് താരങ്ങളടക്കമുള്ള ലോക താരങ്ങളാണ് മീന്‍തുള്ളിപ്പാറയിലും പുലിക്കയത്തും അറിപ്പാറയിലും മത്സരങ്ങള്‍ക്കിറങ്ങിയത്. ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ച താരങ്ങളുടെ പ്രകടനം കാണികള്‍ ശ്വാസമടക്കിപിടിച്ചാണ് വീക്ഷിച്ചത്. ഏഷ്യയിലെ തന്നെ മികച്ച വൈറ്റ് കയാക്കിങ് കേന്ദ്രങ്ങളിലൊന്നായ മലയോരത്തെ ദേശീയ-വിദേശ താരങ്ങളും ആവേശത്തോടെയാണ് വരവേറ്റത്.
20 രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ടീമുകള്‍ പങ്കെടുത്തത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലായിരുന്നു സംഘാടകര്‍. മത്സരത്തില്‍ 15 ലക്ഷം രൂപയാണ് സമ്മാനത്തുക. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മത്സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കിയത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കയാക്കിങ് ചാമ്പ്യന്‍ഷിപ്പി നായി 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി 20 ലക്ഷം രൂപയും ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി അനുവദിച്ചിരുന്നു. ജി.എം.ഐ കോഴി ക്കോടാണ് ചാമ്പ്യന്‍ഷിപ്പിനായുള്ള സഹായ സഹകരണങ്ങള്‍ നല്‍കിയത്.
സമാപന ദിവസം അരിപ്പാറ ഇരുവഴിഞ്ഞിപുഴയിലാണ് മത്സരങ്ങള്‍ നടന്നത്. ഫെസ്റ്റിവലിലെ പ്രധാന ഇനമായ ഡൗണ്‍ റിവര്‍ എക്സ്ട്രീം റെയ്സ് ആണ് ഞായറാഴ്ച നടന്ന പ്രധാന ഇനം. അരിപ്പാറ വെള്ളച്ചാട്ടത്തിന്താഴെ കൊച്ചരിപ്പാറയില്‍ നിന്നാരംഭിച്ച് കുറുങ്കയത്ത് സമാപിക്കുന്ന തരത്തിലാണ് മത്സരം ക്രമീകരിച്ചത്. 25ലധികം വിദേശ താരങ്ങളടക്കം 40 താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.
ഡൗണ്‍ റിവര്‍ പുരുഷന്മാരുടെ ഫൈനലില്‍ ന്യൂസിലന്ഡ്കാരന് മൈക് ഡോസന് ജേതാവായി. ജര്‍മ്മനിയുടെ അഡ്രിയാന്‍ മറ്റേണ് രണ്ടും അമേരിക്കയുടെ ഡെയിന്‍ ജാക്സണ് മൂന്നാംസ്ഥാനവും നേടി. വനിതകളുടെ വിഭാഗത്തില്‍ ഫ്രാന്‍സുകാരി നൗറിയ ന്യൂമാന്‍ ഒന്നാംസ്ഥാനം നേടി. നെതര്‍ലാന്‍ഡ്സിന്റെ മാര്‍ട്ടിന വെഗ്മാന്‍ രണ്ടും അമേരിക്കയുടെ നിക്കോളോ മാന്‍സ്ഫീല്‍ഡ് മൂന്നാംസ്ഥാനവും നേടി.
ഉച്ചക്ക് ശേഷം ഫെസ്റ്റിവലില്‍ പങ്കെടുത്ത താരങ്ങള്‍ മുഴുവന്‍ പങ്കെടുത്ത ഫണ്‍ റെയ്സും നടന്നു. അടുത്ത വര്‍ഷത്തെ ഫെസ്റ്റിവലും ചാമ്പ്യന്‍ഷിപ്പും ജൂലൈ 17 മുതല്‍ 21 വരെ ഇതേ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
പുല്ലൂരാംപാറ ഇലന്തുകടവില്‍ നടന്ന സമാപന സമ്മേളനവും താരങ്ങള്‍ക്കുള്ള സമ്മാനദാനവും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് വിശിഷ്്ടാതിഥിയായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ജില്ലാ കലക്ടര്‍ യു വി ജോസ്, മദ്രാസ് ഫണ്‍ ടൂള്‍സ് മാനേജര്‍ മണിക് തനേജ, കോ-ഓര്‍ഡിനേറ്റര്‍ ജാക്കപ്പോ നെരൂദ എന്നിവര്‍ സംസാരിച്ചു.
- Log in to post comments