Skip to main content

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുപ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി

ആലപ്പുഴ:വെള്ളപൊക്ക ദുരിതം നേരിടാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ  ഒന്നിച്ചു പ്രവർത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാശനഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പിനും, വിശദമായ വിലയിരുത്തലിനുമായി ഉന്നതതല കേന്ദ്ര സംഘം വീണ്ടും എത്തും.

 കേന്ദ്ര ആഭ്യന്തരം ഗതാഗത കാർഷിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം 10 ദിവസത്തിനകം എത്തും. ഇവരുടെ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ സഹായം നൽകും. വലിയ ദുരിതമാണ് ഇവിടെ ഉണ്ടായത്. ദുരിത ബാധിതർക്ക് അടിയന്തിര സഹായം ഉടൻ നൽകും. ദുരിതം നേരിടാൻ ദീർഘകാല പദ്ധതികൾ വേണം. ദുരിതാശ്വാസ ക്യാമ്പുകളിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ തൃപ്തികരമാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കേരളത്തിൽ എത്തിയതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. 

 

(പി.എൻ.എ. 1915/2018)

ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ

സജീവമായ ഇടപെടൽ

 

ആലപ്പുഴ:ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കൽ സംഘം സന്ദർശിച്ച് ആവശ്യമുളളവർക്ക് ചികിത്സ നൽകുകയും ആരോഗ്യ ബോധവൽക്കരണം നൽകുകയും ചെയ്തുവരുന്നു. ചികിൽസ സംഘത്തിന്റെ സജീവമായ ഇടപെടലാണ് ഇതുവരെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ക്യാമ്പുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാതിരിക്കാൻ കാരണം. ഒ.ആർ.എസ്, എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിൻ ഗുളികകൾ എന്നിവ നൽകി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചിത്വ പരിശോധനയും ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു വരുന്നു.

ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറി വഴി കൈനകരി പഞ്ചായത്തിലെ 15 സ്ഥലങ്ങളിലും ചെമ്പുംപുറത്ത് 6 സ്ഥലങ്ങളിലും വെളിയനാട്, രാമങ്കരി മേഖലകളിലായി 10 സ്ഥലങ്ങളിലും ക്യാമ്പുകൾ നടത്തി.

ക്യാമ്പുകളിൽ പകർച്ചവ്യാധികളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ വിവിധ ആശുപത്രികളിൽ 504 പേർ പനിയ്ക്കും 65 പേർ വയറിളക്കരോഗത്തിനും ചികിത്സ തേടി. കുപ്പപുറത്ത് ഒരു എലിപ്പനി കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും  അസുഖമുണ്ടായാൽ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ തേടണമെന്നും ജില്ല മെഡിക്കൽ ഓഫീസർ പറഞ്ഞു. 

 

(പി.എൻ.എ. 1916/2018)

 

രണ്ടാംഘട്ട അഭിമുഖം 25മുതൽ

  

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ അസിസ്റ്റന്റ്( മലയാളം മീഡിയം) തസ്തികയുടെ  ചുരുക്കപ്പട്ടികയിലുള്ള  ഉദ്യോഗാർഥികൾ രണ്ടാംഘട്ട അഭിമുഖത്തിന് ഹാജരാകണമെന്ന് പി.എസ്.സി. അധികൃതർ അറിയിച്ചു. ജൂലായ് 25,26,27 തീയതികളിൽ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിലാണ് അഭിമുഖം. അഭിമുഖത്തിനർഹരയാവർക്ക് പ്രൊഫൈൽ മെസേജ് അയച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ നിശ്ചിത തീയതിൽ കൃത്യസമയത്ത് ഹാജരാകണം.

(പി.എൻ.എ. 1917/2018)

date