കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം: ‘ഗോള്‍' പദ്ധതിക്ക് ജില്ലയിൽ തുടക്കം
ആയിരം കേന്ദ്രങ്ങളിൽ അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോള്‍ പരിശീലനം നൽകുന്ന
കേരള സര്‍ക്കാരിന്റെ 'ഗോള്‍ പദ്ധതി'ക്ക് ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍ സിറ്റി പോലീസ് ടര്‍ഫില്‍ രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 72 കേന്ദ്രങ്ങളിലാണ് ഗോള്‍ പദ്ധതിക്കായി കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. നവംബര്‍ 20 വരെ ഓരോ കേന്ദ്രത്തിലും പത്തിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ള 100 കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ വീതമാണ് ഫുട്ബോളില്‍ പ്രാഥമിക പരിശീലനം നല്‍കുക.
ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ഡോ. പി പി ബിനീഷ് അധ്യക്ഷത വഹിച്ചു. ഫുട്ബോൾ താരം സി കെ വിനീത്, പദ്ധതിയുടെ ജില്ലാ അംബാസഡർ ബിനീഷ് കിരൺ എന്നിവർ വിശിഷ്ടാതിഥികളായി. ഇന്ത്യൻ വനിതാ ടീം കോച്ച് പിപി പ്രിയ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് പി പി പവിത്രൻ, എക്സൈസ് ഡിവിഷൻ മാനേജർ സലിം കുമാർദാസ്, കണ്ണൂർ സ്പോർട്സ് ഡിവിഷൻ കോ ഓർഡിനേറ്റർ കെ പ്രമോദൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, ജില്ലാ സ്പോർട്സ് ഓഫീസർ എംഎ നിക്കോളാസ് എന്നിവർ സംസാരിച്ചു. പി എസ് നന്ദന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിൽജി ഷാജി, ബിഎൽ അഖില എന്നിവർ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ഫുട്ബോൾ ഏറ്റുവാങ്ങി.
സമാപന ദിവസമായ നവംബര്‍ 20,21 തിയ്യതികളില്‍ കുട്ടികളും മറ്റു കായിക പ്രേമികളും ചേര്‍ന്ന് ഓരോ കേന്ദ്രത്തിലും ആയിരം ഗോളുകള്‍ വീതം സ്കോര്‍ ചെയ്യും.
- Log in to post comments