മണ്ണ് മൊബൈല്‍ ആപ്പ്: ഡാറ്റ ശേഖരണം പുരോഗമിക്കുന്നു
ആലപ്പുഴ: കര്‍ഷകര്‍ക്ക് മണ്ണിന്റെ ഫലപുഷ്ടി സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന മണ്ണ് മൊബൈല്‍ ആപ്പിന്റെ രണ്ടാംഘട്ട ഡാറ്റ ശേഖരണവും സ്ഥലത്തെ ജി.പി.എസ.് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള സമഗ്ര വിവരശേഖരണവും പുരോഗമിക്കുന്നു. സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന് കീഴിലെ മണ്ണ് പര്യവേക്ഷണ വിഭാഗം (സോയില്‍ സര്‍വ്വെ) വികസിപ്പിച്ച മണ്ണ് മൊബൈല്‍ ആപ്പില്‍ മണ്ണിന്റെ പി.എച്ച്, പ്രാഥമിക മൂലകങ്ങളായ എന്‍.പി.കെ, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവയുടെ തോതും അതിനനുസൃതമായി ഓരോ വിളകള്‍ക്കും നല്‍കേണ്ട ജൈവവളം, കുമ്മായം ഉള്‍പ്പടെയുള്ള വളപ്രയോഗ ശുപാര്‍ശകളും ലഭിക്കും.
മുതുകുളം ബ്ലോക്കിന്റെ ഡാറ്റ ശേഖരണം ഇതിനകം പുതുക്കി കഴിഞ്ഞു. കഞ്ഞിക്കുഴി, ഹരിപ്പാട് ബ്ലോക്കുകളിലെ ഡാറ്റ പുതുക്കുന്നതിനായി ഗ്രിഡ് അടിസ്ഥാനത്തില്‍ മണ്ണിന്റെ സാംപിള്‍ ശേഖരണം, വിവര ശേഖരണം എന്നിവയ്ക്ക് വിവധ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവര്‍ക്ക് പരിശീലനം നല്കി വരികയാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന മണ്ണ് സാംപിളുകള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സോയില്‍ സര്‍വ്വെ, മേഖലാ മണ്ണ് പരിശോധന ലബോറട്ടറിയില്‍ പരിശോധിച്ച് വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാക്കും
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മണ്ണ് മൊബൈല്‍ ആപ്പ് മലയാളത്തില്‍ തന്നെ ലഭിക്കും.
- Log in to post comments