Skip to main content

മൂവാറ്റുപുഴയില്‍ ദുരിതബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്തു

 

 

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് അടിയന്തര ധന സഹായമായി റവന്യൂവകുപ്പില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിഞ്ഞ 513 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം ലഭ്യമാക്കുന്നത്

           ഒരു കുടുംബത്തിന് 3800 രൂപ വീതമാണ് നല്‍കുന്നത്. ആയിരം രൂപയായിരുന്നു ആദ്യം അടിയന്തര ധനസഹായം പ്രഖ്യാപിച്ചത്. ഈ തുക അപര്യാപ്തമെന്ന് കണ്ടാണ് 3800 രൂപ വച്ച് ഓരോ കുടുംബങ്ങള്‍ക്കും നല്‍കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്കില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പല വീടുകളിലും വെള്ളം കയറുകയും വസ്ത്രങ്ങളും പുസ്തകങ്ങളും ഗൃഹോപകരണങ്ങളും നശിക്കുകയും ചെയ്തിരുന്നു. മഴ തുടരുന്നതിനാല്‍ ഈ മേഖലകളെല്ലാം ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

        സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ ധനസഹായം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  എല്‍ദോ എബ്രഹാം എംഎല്‍എ റവന്യൂമന്ത്രിക്ക്  കത്തു നല്‍കുകയും ശനിയാഴ്ച നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വെള്ളപ്പൊക്ക ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു .ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ജില്ലാ കലക്ടര്‍ അടിയന്തര സഹായമായി മൂവാറ്റുപുഴ താലൂക്കിന്  20 ലക്ഷം രൂപ അനുവദിച്ചത്.              3800 രൂപ വീതം 155 കുടുംബങ്ങളുടെ  അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായി തഹസില്‍ദാര്‍ പി എസ് മധുസൂദനന്‍ പറഞ്ഞു. 5,50,000 രൂപ വിതരണം ചെയ്തുകഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് തുക വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ തുക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

          മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മുഴുവനാളുകള്‍ക്കും അഞ്ചു കിലോഗ്രാം കുത്തരി വീതം എല്‍ദോ എബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. നിയോജകമണ്ഡലത്തിലെ  മൂവാറ്റുപുഴ നഗരസഭ, മാറാടി, വാളകം, പായിപ്ര, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ആയിരത്തിയഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ് അരി നല്‍കുന്നത്. കനത്ത മഴയെ തുടര്‍ന്ന് മൂവാറ്റുപുഴയാറിനും കാളിയാറിനും കോതയാറിനും തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. ആയിരത്തിയഞ്ഞൂറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക ദുരിതത്തിന് ഇരയായത്. അഞ്ഞൂറോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.  പുഴയില്‍ വെള്ളം കുറഞ്ഞു തുടങ്ങിയെങ്കിലും കനത്തമഴയും മലങ്കര ഡാം വീണ്ടും തുറന്നതും വീണ്ടും പുഴയില്‍ വെള്ളം ഉയരാനും, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുമുള്ള സാധ്യതയേറ്റുന്നു. ഇതേ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവര്‍ തിരിച്ചു വീടുകളില്‍ എത്തിയെങ്കിലും ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അവരുടെ ദുരിതം നേരില്‍ക്കണ്ട് മനസ്സിലാക്കിയ എംഎല്‍എ വിവിധ സംഘടനകളുടെയും വ്യക്തികളുടേയും വിദേശ മലയാളികളുടെയും സഹായത്തോടെയാണ് ദുരിതബാധിതര്‍ക്കുള്ള അരി സമാഹരിച്ചത്.

date