Skip to main content
കെ.എസ്.ആര്‍.ടി.സിയും ചേന്ദമംഗലം ഗ്രാമ പഞ്ചായത്തും സംയുക്തമായി  ആരംഭിച്ച  ഗ്രാമവണ്ടിയുടെ ഫ്ലാഗ് ഓഫ്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും  പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് നിർവഹിക്കുന്നു.

പഞ്ചായത്തുകൾ ആവശ്യപ്പെട്ടാൽ  ഒരു മാസത്തിനകം ഗ്രാമവണ്ടി: മന്ത്രി ആൻ്റണി രാജു ചേന്ദമംഗലം ഗ്രാമവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു

 

          ഗ്രാമപഞ്ചായത്തുകൾ ആവശ്യപ്പെട്ടാൽ ഗ്രാമവണ്ടി പദ്ധതി പ്രകാരം  കെ.എസ്.ആർ.ടി.സി ബസ് ഒരു മാസത്തിനകം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും(കെ എസ് ആർ ടി സി ) ചേന്ദമംഗലം ഗ്രാമപഞ്ചായത്തും ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

         രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. പൊതു ഗതാഗത സൗകര്യങ്ങൾ ജനങ്ങളുടെ അവകാശമാണ്. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് സർവ്വീസുകൾ തുടങ്ങാൻ പല പരിമിതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഗ്രാമവണ്ടി പദ്ധതി ആവിഷ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

ഡ്രൈവർ, കണ്ടക്ടർ, മെയിൻ്റനൻസ് ചെലവുകൾ തുടങ്ങിയവയുടെ ഉത്തരവാദിത്തം കെ.എസ്.ആർ.ടി.സി വഹിക്കുമ്പോൾ ഡീസൽ അടിക്കേണ്ട ചുമതല മാത്രമാണ് പഞ്ചായത്തുകൾ ഏറ്റെടുക്കുന്നത്. ബസ് ഓടേണ്ട റൂട്ടുകളും സമയക്രമവും പഞ്ചായത്തുകൾ തീരുമാനിക്കും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനവും പഞ്ചായത്തുകൾക്ക് എടുക്കാം. കെ.എസ്.ആർ.ടി.സി ഏറ്റവും പ്രാധാന്യം നൽകുന്ന ഈ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ അവാർഡും കരസ്ഥമാക്കിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എട്ടാമത്തെ ഗ്രാമവണ്ടിയാണ് ചേന്ദമംഗലത്തേത്.

         ചേന്ദമംഗലം മാറ്റപ്പാടം മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഗ്രാമങ്ങളിലെ യാത്രാക്ലേശം ഒഴിവാക്കാൻ സഹായിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. 

കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ റിപ്പോർട്ട് അവതരിപ്പിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ബെന്നി ജോസഫ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ പ്രേംജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈബി തോമസ്,  ബ്ലോക്ക് പഞ്ചായത്തംഗം മണി ടീച്ചർ, വാർഡ് മെമ്പർ ശ്രീജിത്ത്, ഗ്രാമവണ്ടി സ്പെഷ്യൽ പ്രോജക്റ്റ് ഓഫീസർ വി.എം താജുദ്ദീൻ സാഹിബ്, യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു.

date