Skip to main content

സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേക്ക്  ജില്ലയില്‍ തുടക്കമായി

കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയത്തിന്റെ സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2018 സര്‍വേയുടെ ജില്ലാതല ഉദ്ഘാടനവും ശില്‍പ്പശാലയും ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാ0ഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ നിര്‍വഹിച്ചു. ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഫലമായി പകര്‍ച്ച വ്യാധികളെ നിയന്ത്രിക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇനിയും കാഴ്ചവെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് താല്‍ക്കാലികമായി സൂക്ഷിക്കുന്നതിന് എംസിഎഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി), അവ സംസ്‌ക്കരിക്കുന്നതിനുള്ള ആര്‍ആര്‍എഫ് (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി)  സെന്ററുകള്‍ എന്നിവ നിര്‍മിക്കാന്‍ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അവ ഉടന്‍ തയ്യാറാക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. വരുന്ന ജനുവരി മാസത്തോടുകൂടി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ ജില്ലകളെയും ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്ന പദ്ധതിയാണ് സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2018. ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെയാണ് സര്‍വ്വേ നടക്കുന്നത്. സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍ തുടങ്ങിയ പൊതുയിടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വ്വേയിലൂടെയാണ് റാങ്കിംഗ് നിര്‍ണയിക്കുക. ടോയ്‌ലറ്റുകളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതുയിടങ്ങളിലെ മാലിന്യങ്ങളുടെ സ്ഥിതി, വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ എന്നിവയും വിലയിരുത്തും. തെരഞ്ഞെടുക്കപ്പെടുന്ന ജില്ലകള്‍ക്ക് ഒക്‌ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ അവാര്‍ഡുകള്‍ നല്‍കും. 
സ്വച്ഛ് സര്‍വ്വേക്ഷനുമായി ബന്ധപ്പെട്ട ബ്രോഷര്‍ കെ പി ജയബാലന്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന് നല്‍കി പ്രകാശനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ സി സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. 

date