മഴക്കെടുതി: സഹായമെത്തിച്ച് ബ്ലോക്ക് പഞ്ചായത്തുകളും
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വിവിധ പ്രദേശങ്ങളില്‍ സഹായമാവുകയാണ് വൈക്കം, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പാമ്പാടി ബ്ലോക്കുകള്‍. വെള്ളപ്പൊക്കം ഏറ്റവുമധികം ദുരിതം വിതച്ച മേഖലകളില്‍ ഒന്നായ വൈക്കത്തെ ജനങ്ങളില്‍ പലരും ക്യാമ്പുകള്‍ വിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളെ സഹായിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് രംഗത്തെത്തുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ കിടപ്പുരോഗികളുള്ള ഓരോ കുടുംബത്തിനും അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റ് വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ബ്ലോക്ക്. ക്യാമ്പുകള്‍ സജീവമായിരുന്ന സമയത്ത് ഓരോ കുടുംബത്തിനും കിറ്റുകള്‍ വിതരണം ചെയ്തതിന് പുറമെയാണിത്. കൂടാതെ കാര്‍ഷിക, ക്ഷീരമേഖലകളില്‍ സംഭവിച്ച നാശനഷ്ടം കണക്കാക്കി പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി വൈക്കത്തിന് പ്രത്യേക പാക്കേജിന് അനുവദിക്കണമെന്ന ആവശ്യവും ബ്ലോക്ക് പഞ്ചായത്ത് ഉന്നയിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ കാര്യമായ മഴക്കെടുതിയുണ്ടായിലെങ്കിലും മറ്റുള്ളവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ ബ്ലോക്ക് പഞ്ചായത്ത് മടി കാണിച്ചില്ല. 750 കിലോ അരി, 1500 കുപ്പിവെള്ളം, 50 കിലോ ഏത്തപ്പഴം, 50 കിലോ റവ, 100 പായ്ക്കറ്റ് ബിസ്‌ക്കറ്റ് എന്നിവ വിവിധ ദുരിതമേഖലകളില്‍ വിതരണം നടത്തി.
മഴക്കെടുതി സമയത്ത് ഏറ്റവും പ്രയോജനകരമായത് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഡ്രസ് ബാങ്ക് പദ്ധതിയായിരുന്നു. നിരവധി പേരാണ് ഈ പദ്ധതിയിലൂടെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് വസ്ത്രങ്ങളെത്തിച്ചത്. മണര്‍കാട്, കിടങ്ങുര്‍ ഗ്രാമപഞ്ചായത്തുകളിലെ 20 ദുരിതാശ്വാസ കേന്ദ്രങ്ങള്‍, തലയാഴം, വെച്ചൂര്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് പുതപ്പുകളും ബെഡ് ഷീറ്റുകളും തോര്‍ത്തുകളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ എത്തിക്കാന്‍ ഈ പദ്ധതിയ്ക്കായി. കൂടാതെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിലും പാമ്പാടി ബ്ലോക്ക് പങ്കാളികളായി.
ഏറ്റുമാനൂര്‍ ബ്ലോക്കിലെ പടിഞ്ഞാറന്‍ മേഖലയില്‍ 25 ചാക്ക് അരി എത്തിച്ച് കഴിഞ്ഞു. കുമരകം, തിരുവാര്‍പ്പ്, അയ്മനം എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ സഹായം നല്‍കിയത്. സഹായമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കൂടാതെ മേഖല ഇപ്പോള്‍ നേരിടുന്ന കുടിവെള്ള പ്രശ്‌നം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.
(കെ.ഐ.ഒ.പി.ആര്‍-1639/18)
- Log in to post comments