മില്ലുടമകളുടെ സമ്മര്‍ദനത്തിന് വഴങ്ങില്ല : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
അരിമില്ലുടമകളുടെ സമ്മര്‍ദ്ദനത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അരിമില്ലുകളെ ആശ്രയിക്കുന്ന നെല്‍കര്‍ഷകരെ ചൂഷണം ചെയ്യുന്ന മില്ലുടമകളുടെ രീതി അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂര്‍ ടൗണ്‍ഹാളില്‍ കോള്‍പടവ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. മില്ലുടമകള്‍ ചെയ്യേണ്ട ജോലികള്‍ കര്‍ഷകര്‍ ചെയ്യുന്ന നിലയാണ് ഇപ്പോഴുളളത്. ക്രയവിക്രയ ചെലവായി സര്‍ക്കാര്‍ മില്ലുടമകള്‍ക്ക് പണം നല്‍കുന്നുണ്ട്. എന്നാല്‍ ഈ തുക കര്‍ഷകര്‍ക്ക് കൈമാറാന്‍ മില്ലുടമകള്‍ തയ്യാറാകുന്നില്ല. ഇത് നീതിയല്ല. മന്ത്രി പറഞ്ഞു.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചെങ്കിലും വിട്ട് നില്‍ക്കുകയാണ് മില്ലുടമകള്‍ ചെയ്‌തത്. ധിക്കാരപരമായ നടപടിയാണിത്. മില്ലുടമകള്‍ സംഭരിക്കുന്ന നെല്ലിന് പകരം തമിഴ്‌നാട്ടില്‍ നിന്നുളള ഗുണനിലവാരം കുറഞ്ഞ അരിയാണ് സിവില്‍ സപ്ലൈസ് നല്‍കി പോന്നത്. ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതാണ് മില്ലുടകളുടെ പ്രശ്‌നം. കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഒരു മില്ലുടമയെയും അനുവദിക്കില്ല. അതിനാണ് സഹകരണ മേഖലയില്‍ നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചത്. പാലക്കാട് ജില്ലയില്‍ ഇത് തുടങ്ങിക്കഴിഞ്ഞു. അരി മില്ലുടമകളുടെ സമ്മര്‍ദ്ദനത്തിന് വഴങ്ങുന്ന പ്രശ്‌നമില്ല. മന്ത്രി വ്യക്തമാക്കി. കാലാവസ്ഥ വൃതിയാനങ്ങള്‍ കൊണ്ടുളള കേന്ദ്ര നഷ്‌ടപരിഹാര തുക കാലാനുസൃതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ കോള്‍ മേഖലയില്‍ ഇരുപ്പൂ കൃഷിയിറക്കാനും യോഗത്തില്‍ ധാരണയായി. ഇതിനുളള സൗകര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തയ്യാറാകണമെന്ന് കോള്‍ കര്‍ഷകരുടെ പ്രതിനിധി കൊച്ചുമുഹമ്മദ് പറഞ്ഞു. നെല്ലിന്റെ വില വര്‍ദ്ധിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ജില്ലാ കളക്‌ടര്‍ ടി വി അനുപമ അദ്ധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം എല്‍ എ, സബ് കളക്‌ടര്‍ ഡോ.രേണുരാജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. കോള്‍ പടവ് പദ്ധതിയിലേക്കുളള പതിനൊന്ന് അംഗങ്ങളുടെ തെരഞ്ഞെടുപ്പു ജനറല്‍ ബോഡിയില്‍ നടന്നു.
- Log in to post comments