ആടുവസന്ത നിയന്ത്രണ പദ്ധതി ആഗസ്റ്റ് ആറുമുതല്‍ സെപ്തംബര്‍ വരെ
സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം ആടുവസന്ത നിയന്ത്രണപദ്ധതി ആഗസ്റ്റ് ആറുമുതല്‍ സെപ്തംബര്‍ ആറുവരെ നടക്കും. ആടുവസന്ത ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്നതും പെട്ടെന്ന് പടരുന്നതുമായ വൈറസ് രോഗമാണ്. രോഗം ബാധിച്ച മൃഗങ്ങളുടെ സമ്പര്‍ക്കം മുഖേനയും സ്രവ്യവിസര്‍ജ്ജ്യങ്ങളിലൂടെയും അവയാല്‍ മലിനമായ ജലം, പാത്രങ്ങള്‍, തീറ്റ തുടങ്ങിയവയിലൂടെയും രോഗം പകരും.
കടുത്ത പനി, തീറ്റ മടുപ്പ്, മൂക്കൊലിപ്പ്, തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. മൂക്കൊലിപ്പ് കട്ടിപിടിച്ച് നാസാരന്ധ്രങ്ങള്‍ അടയുന്നതുമൂലം ശ്വാസതടസമുണ്ടാകും. കണ്‍ദീനം മൂലം കണ്ണിമകള്‍ ഒട്ടിപ്പിടിക്കുകയും കണ്ണ് തുറക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. വായ, നാക്ക്, മോണകള്‍ തുടങ്ങിയയിടങ്ങളില്‍ വ്രണങ്ങളുണ്ടാകുന്നത് മൂലം തീറ്റയെടുക്കാനും കഴിയില്ല. കടുത്ത വയറിളക്കവും രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ന്യുമോണിയയും കാണാറുണ്ട്.
ആടുവസന്ത നിയന്ത്രണ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്ര സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നത്. ഒറ്റത്തവണ സൗജന്യ പ്രതിരോധ കുത്തിവെയ്പിലൂടെ സംസ്ഥാനത്തെ എല്ലാ ആടുകളെയും രോഗപ്രതിരോധശേഷിയുള്ളവയാക്കുകയാണ് ലക്ഷ്യം. പ്രതിരോധ കുത്തിവയ്പിനായി കര്‍ഷകര്‍ അടുത്തുള്ള മൃഗാശുപത്രികളെയോ വെറ്ററിനറി സബ്‌സെന്ററുകളെയോ സമീപിക്കണം.
പി.എന്‍.എക്‌സ്.3415/18
- Log in to post comments