Skip to main content

ക്ഷീരരംഗത്തെ പദ്ധതികള്‍ ഫലപ്രദമെന്ന്  പി.സി ജോര്‍ജ്ജ് എം.എല്‍.എ 

ക്ഷീരവികസനമേഖലയില്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്രദവും ക്ഷീരോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഫലപ്രദവുമാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് ക്ഷീരകര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പാല്‍ ഉല്‍പാദന രംഗത്ത്  വന്‍ മുന്നേറ്റമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. ക്ഷീര വര്‍ദ്ധിനി പോലെയുള്ള പദ്ധതികള്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. കര്‍ഷകര്‍ അദ്ധ്വാനിക്കുന്നതിന്റെ ലാഭം അവര്‍ക്കുതന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര വര്‍ദ്ധിനി പദ്ധതിയുടെ മൂന്നാം ഘട്ട ധനസഹായ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. ക്ഷീരസംഗമത്തിന് മുന്നോടിയായി നടത്തിയ കന്നുകാലി പ്രദര്‍ശന മത്സര വേദിയില്‍ ആന്റോ ആന്റണി എം. പി സന്ദര്‍ശനം നടത്തി.

അമ്പാറ നിരപ്പേല്‍ സെന്റ് ജോണ്‍സ് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രേംജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ രമേഷ് ബി.വെട്ടിമറ്റം (പൂഞ്ഞാര്‍), ഷൈനി സന്തോഷ് (പൂഞ്ഞാര്‍ തെക്കേക്കര), സതി വിജയന്‍ (തലനാട്), ഇന്ദിര രാധാകൃഷ്ണന്‍ (തലപ്പലം), ഷേര്‍ളി സെബാസ്റ്റ്യന്‍ (മൂന്നിലവ്), ഷീബാമോള്‍ ജോസഫ് (മേലുകാവ്), തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ലീനാമ്മ ജോര്‍ജുകുട്ടി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനി കുമാരി, അമ്പാറ നിരപ്പേല്‍ ക്ഷീരോദ്പാദകസഹകരണസംഘം പ്രസിഡന്റ് കെ.എസ് അബ്രഹാം, പൂഞ്ഞാര്‍ ക്ഷീരവികസന ഓഫീസര്‍ ജിസ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ക്ഷീരവികസന വകുപ്പ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തിടനാട്  ഗ്രാമപഞ്ചായത്ത്, അമ്പാറ നിരപ്പേല്‍ ക്ഷീരസംഘം എന്നിവയുടെ സഹകരണ ത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിച്ചത്.

(കെ.ഐ.ഒ.പി.ആര്‍-1671/18)

date