Skip to main content

ശ്രീനാരായണഗുരുജയന്തി ആഘോഷം ആലോചന യോഗം ചേര്‍ന്നു

 

ആഗസ്റ്റ് 25, 26, 27 തീയതികളിലായി ചെമ്പഴന്തി ഗുരുകലുത്തില്‍ നടക്കുന്ന 164-ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് മേയറുടെ അധ്യക്ഷതയില്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ ആലോചനാ യോഗം ചേര്‍ന്നു.  ശുചീകരണം, ഗതാഗതം സുഗമമാക്കല്‍, വൈദ്യുത ലൈന്‍ ഉയര്‍ത്തിക്കെട്ടല്‍ തുടങ്ങിയ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.  പ്രവൃത്തിക്കാത്ത സ്ട്രീറ്റ് ലൈറ്റുകള്‍ അടിയന്തരമായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.  ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുവരുന്ന തീര്‍ത്ഥാടകരുടെയും കലാരൂപങ്ങളുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് എസ്.എന്‍. കോളജ് ഗ്രൗണ്ടില്‍ ആവശ്യമായ ക്രമീകരണം ഒരുക്കും.  കെ.എസ്.ആര്‍.ടി.സി ബസുകളുടെ പാര്‍ക്കിംഗിനായി എസ്.എന്‍. കോളജ് ഗ്രൗണ്ടില്‍ ഒരു പ്രതേ്യക സ്ഥലം ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.  തിര്‍ഥാടകരുടെ ആവശ്യമനുസരിച്ച് ബസ് സര്‍വീസ് നടത്തുന്നതിന്  കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കി.  ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട മൂന്ന് ദിവസവും പോലീസിന്റെ എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനും ഘോഷയാത്ര നടക്കുന്ന ദിവസം ശ്രീകാര്യം മുതല്‍ കൂടുതല്‍ പോലീസിനെ നിയമിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.  പ്രദേശത്ത് ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് സ്ഥാപിക്കും.  ജയന്തി ആഘോഷ നഗരിയില്‍ ആരോഗ്യവകുപ്പിന്റെ ഒരു കൗണ്ടര്‍ സ്ഥാപിക്കുന്നതിനും ഫസ്റ്റ് എയ്ഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.  

യോഗത്തില്‍ നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍മാരായ കെ.എസ്. ഷീല, സി. സുദര്‍ശനന്‍, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2018/2018)
 

date