Skip to main content

സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പദ്ധതി,  ജില്ലയില്‍ പരീക്ഷയെഴുതിയത് 451 പേര്‍

 

\ിരക്ഷരതയുടെ ഇരുളകങ്ങളില്‍ നിന്നും സാക്ഷരതയുടെ വെളിച്ചം തേടി ജില്ലയില്‍ അക്ഷരലക്ഷം പരീക്ഷയെഴുതിയത് 451 പേര്‍. കേരളത്തെ പരിപൂര്‍ണ സാക്ഷരതയിലേയ്ക്ക് എത്തിക്കുക എന്നലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അക്ഷരലക്ഷം. 368 സ്ത്രീകളും 83 പുരുഷന്മാരുമാണ് ജില്ലയില്‍ പരീക്ഷയ്ക്ക് എത്തിയത്. ഇതില്‍ 278 പട്ടികജാതി വിഭാഗക്കാരും 5 പട്ടികവര്‍ഗ വിഭാഗക്കാരുമുണ്ട്. അടൂര്‍ നഗരസഭയിലെ 75 വയസുള്ള സ്‌കറിയയായിരുന്നു ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പരീക്ഷാര്‍ത്ഥി. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 21 വയസുകാരന്‍ ജോബി മാത്യു പ്രായം കുറഞ്ഞ പരീക്ഷാര്‍ത്ഥിയും. സാക്ഷരതാനിരക്കില്‍ ജില്ല മുമ്പിലാണെങ്കിലും സാക്ഷരതയെ പരിപൂര്‍ണതയില്‍ എത്തിക്കുന്നതിനായി ജില്ലയിലെ 120 വാര്‍ഡുകളില്‍ നിന്ന് സാക്ഷരതാമിഷന്‍ ഏകദിന സര്‍വ്വേയിലൂടെ കണ്ടെത്തിയ 524 നിരക്ഷരരില്‍ നിന്നാണ് 451 പേര്‍ നവകേരളത്തിനായി അക്ഷരവെളിച്ചം നുകര്‍ന്നത്. ഈ വാര്‍ഡുകളിലെ തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ സാക്ഷരതാമിഷന്‍ പ്രേരകുമാരാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ജില്ലയില്‍ 35 പരീക്ഷകേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. പുതിയ സാക്ഷരത പാഠാവലിയെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. 30 മാര്‍ക്കിന്റെ വായന പരിശോധന, 40 മാര്‍ക്കിന്റെ എഴുത്ത്പരീക്ഷ, 30 മാര്‍ക്കിന്റെ കണക്ക് എന്നിവയാണ് ഉള്‍പ്പെടുത്തിയത്. നൂറില്‍ 30 മാര്‍ക്കാണ് ജയിക്കാനാവശ്യമായ മിനിമം മാര്‍ക്ക്. അക്ഷരലക്ഷം പാസാകുന്നവര്‍ക്ക് നാലാംതരം തുല്യതക്കും അപേക്ഷിക്കാം. ഈ മാസം 14ന് ജില്ലയിലെ സാക്ഷരതമിഷന്‍ അക്ഷരമുറ്റം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു അറിയിച്ചു. അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. പി. മുരുകദാസ്, എം.എസ് സുമംഗല, വി.ജെ മുഹമ്മദ് റഷീദ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

                 (പിഎന്‍പി 2247/18)

date