Skip to main content

പട്ടികജാതി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തും  - മന്ത്രി ടി.പി.രാമകൃഷ്ണന്‍

 

പട്ടികജാതി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പേരാമ്പ്ര ചേര്‍മല കോളനിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടിക ജാതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഏഴ് വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ രണ്ടര ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയാക്കും. എല്ലാവര്‍ക്കും വീടെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 
കോളനിയിലെ അംഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കാനുള്ള പദ്ധതി പൂര്‍ത്തിയായിരിക്കുകയാണ്. കോളനി സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈബ്രറി, സാംസ്‌കാരിക വേദി, വര്‍ക്ക് ഷെഡ്, കുടിവെള്ള പദ്ധതി തുടങ്ങിയവ വിവിധ ഏജന്‍സികളുടെ സഹായത്തോടെ നടപ്പിലാക്കുകയാണ്. കോളനിയില്‍ വീടില്ലാത്ത 13 കുടുംബങ്ങള്‍ക്കും വീടുനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
കോളനിയിലെ സി.എം അബുവിന് താക്കോല്‍ നല്‍കി കൊണ്ടാണ്പരിപാടി ഉദ്ഘാടനം ചെയ്തത്. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഫസ്റ്റ് ക്ലാസോടെ പാസായ അബുവിന്റെ മകള്‍ അശ്വതിയെ ചടങ്ങില്‍ അനുമോദിച്ചു.  കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാലടി കോളെജില്‍ ബിരുദാനന്ത ബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടുള്ള അശ്വതിയുടെ തുടര്‍പഠനത്തിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി അദ്ധ്യക്ഷയായ ചടങ്ങില്‍ പട്ടികജാതി വികസന ഓഫീസര്‍ അനീഷ്.വി.നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.കൃഷണാനന്ദന്‍, പേരാമ്പ്ര പഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്‌സണ്‍ പി.എം.ലതിക, മെമ്പര്‍ മിനി പൊന്‍പാറ, വൈസ് പ്രസിഡന്റ് കെ.പി.ഗംഗാധരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ആശംസങ്ങള്‍ നേര്‍ന്നു. വി.കെ. സുനീഷ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സി.എം.രാഹുല്‍ നന്ദിയും പറഞ്ഞു. 

 

date