Skip to main content

ലീഗൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

             പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കൾക്ക് പ്രായോഗിക പരിശീലനം നൽകി കരിയറിൽ മികവ് കൈവരിക്കുന്നതിനും മികച്ച അഭിഭാഷകരായി രൂപപ്പെടുത്തുന്നതിലൂടെ തങ്ങളുടെ പ്രൊഫഷനിൽ ഉന്നതിയിൽ എത്തിച്ചേരുന്നതിനും വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസ്, ലീഗൽ സർവീസ് അതോറിറ്റി, KELSA, KIRTADS കോഴിക്കോട്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ 69 പേര് രണ്ടു വർഷത്തേക്ക് 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ നിയമിക്കും. ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസുകൾ, ജില്ലാ ലീഗൽ അതോറിറ്റി, KELSA, KIRTADS കോഴിക്കോട്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ പരിശീലനത്തിന് സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഒരാൾക്ക് ഒരു ജില്ലയിൽ മാത്രമേ അപേക്ഷിക്കാനാകു. ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ പരിശീലനത്തിന് താത്പര്യമുള്ളവർ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണം. അപേക്ഷാഫോം, വിജ്ഞാപനം എന്നിവയ്ക്ക് അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഏപ്രിൽ 20നകം നൽകണം.

പി.എൻ.എക്‌സ്. 1342/2023

date