ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ തുടര്‍ചികിത്‌സ ആവശ്യമുള്ളവര്‍ക്ക് സഹായ പെന്‍ഷന്‍ പരിഗണനയില്‍: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ തുടര്‍ ചികിത്‌സ ആവശ്യമായി വരുന്നവര്‍ക്ക് സഹായ പെന്‍ഷന്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തൈക്കാട് റെസ്റ്റ് ഹൗസില്‍ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ നയവും അവകാശവും സംസ്ഥാനതല ബോധവത്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ രണ്ടു മെഡിക്കല്‍ കോളേജുകളിലെങ്കിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശസ്ത്രക്രിയാ സൗകര്യം ഒരുക്കുന്നത് പരിശോധിക്കുന്നുണ്ട്. ഇവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി ജോലി ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. എറണാകുളത്ത് പ്രത്യേക താമസ സൗകര്യം സര്‍ക്കാര്‍ ഒരുക്കും. ഈ വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കി ജോലി നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സമൂഹത്തില്‍ തുല്യ നീതി ഉറപ്പാക്കണം. ഇതിന് വ്യത്യസ്ത വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനൊപ്പം കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ബോധവത്കരണവും നല്‍കണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള കുട്ടികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ടി. വി. അനുപമ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. വി. മോഹന്‍കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍. എല്‍. സരിത, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ആനന്ദി ടി.കെ, ഗീതാ ഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.3357/17
- Log in to post comments