Skip to main content

സാമ്പ്രാണിക്കോടി; പ്രവേശനം രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ

സാമ്പ്രാണിക്കോടി തുരുത്തിലെ സന്ദര്‍ശന സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാക്കി പുനക്രമീകരിക്കും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയായിരുന്നു സമയം. സന്ദര്‍ശകരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനം. വൈകിട്ട് 5.30ന് തുരുത്തിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കും.

തുരുത്തിലെ സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃത വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കും. തുറമുഖ വകുപ്പിന്റെ അംഗീകാരം ലഭിച്ചവയ്ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. അനധികൃത കച്ചവടങ്ങള്‍ക്ക് എതിരെയും പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ബോട്ടുകളിലെയും വള്ളങ്ങളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഫ്‌ളോട്ടിങ് ബോട്ട് ജെട്ടിക്കായി ശുപാര്‍ശ നല്‍കാനും തീരുമാനമായി. എം മുകേഷ് എം എല്‍ എയുടെ പ്രതിനിധി ഷെഫീഖ്, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി രാധാകൃഷ്ണപിള്ള, കേരള മാരിടൈം ബോര്‍ഡ് പര്‍സര്‍ ആര്‍ സുനില്‍, ഡി റ്റി പി സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date