ബയോമെട്രിക് മസ്റ്ററിങ്ങ് ഇന്ന് മുതല്‍
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2022 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇന്ന് (ഏപ്രില്‍ ഒന്ന്) മുതല്‍ ജൂണ്‍ 30 വരെ ബയോമെട്രിക് മസ്റ്ററിങ്ങ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് മസ്റ്ററിങ്ങ് ചെയ്യേണ്ടത്.
ശാരീരിക/മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വൃദ്ധജനങ്ങള്‍ എന്നിങ്ങനെ അക്ഷയകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ ആ വിവരം അക്ഷയകേന്ദ്രങ്ങളില്‍ അറിയിക്കുകയാണെങ്കില്‍ വീട്ടിലെത്തി മസ്റ്ററിങ്ങ് ചെയ്യും. ആധാര്‍ ഇല്ലാതെ ക്ഷേമനിധി ബോര്‍ഡ് പെന്ഷന് അനുവദിച്ച 85 വയസ്സ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായ രോഗശയ്യയില്‍ ഉള്ളവര്‍, 02/2021 ധന ഉത്തരവ് പ്രകാരം പെന്ഷന് അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിങ്ങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ മസ്റ്ററിങ്ങ് ഫെയില്‍ഡ് സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണം.
നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മസ്റ്ററിങ്ങിനുള്ള കാലാവധിയ്ക്ക് ശേഷം പെന്ഷന് ലഭിക്കും. സമയപരിധിയ്ക്കുള്ളില്‍ മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് എല്ലാ മാസവും ഒന്ന് മുതല്‍ 20 തിയതി വരെ മസ്റ്ററിങ്ങ് നടത്താം. മസ്റ്ററിങ്ങ് നടത്തുന്ന മാസം മുതലുള്ള പെന്ഷന് മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്റര്‍ ചെയ്യാന്‍ 30 രൂപയും വീടുകളിലെത്തി മസ്റ്റര്‍ ചെയ്യാന്‍ 50 രൂപയുമാണ് നല്‍കേണ്ടത്. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/29 നകം തൊട്ടുമുമ്പുള്ള വര്‍ഷം പെന്ഷന് ലഭിച്ച ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ്ങ് നടത്തണമെന്നും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
- Log in to post comments