ജില്ലാ ആസൂത്രണ സമിതി മന്ദിരം; അന്തിമഘട്ട നിർമാണപ്രവർത്തനം മന്ത്രി വിലയിരുത്തി
ഏപ്രിൽ 25ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
കോട്ടയം: ഏപ്രിൽ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ അന്തിമഘട്ട പുരോഗതി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ആസൂത്രണ സമിതി മന്ദിരത്തിനു സമീപം പ്രത്യേക ഉദ്ഘാടന വേദിയൊരുക്കും. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരും അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും.
കളക്ട്രേറ്റിനു സമീപം 10 കോടി രൂപ ചെലവിൽ ഏഴുനിലകളിലായി 31691 ചതുരശ്രയടിയുള്ള മന്ദിരമാണ് നിർമിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസ്, ടൗൺ പ്ലാനിംഗ് ഓഫീസ്, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റ്കസ് വിഭാഗം എന്നീ ഓഫീസുകളാണ് പുതിയ മന്ദിരത്തിൽ പ്രവർത്തിക്കുക. 160 പേർക്കിരിക്കാവുന്ന എ.സി. കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, റെക്കോഡ് റൂം, കഫറ്റീരിയ എന്നിവയും ഉൾപ്പെടുന്നതാണ് മന്ദിരം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ് എ.വി. റസൽ, നഗരസഭാംഗം ജിബി ജോൺ, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ജനപ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
- Log in to post comments