റവന്യൂ ഇ-സാക്ഷരത നടപ്പാക്കും: മന്ത്രി കെ രാജന്‍
സംസ്ഥാനത്തെ 94 ലക്ഷം കുടുംബങ്ങളിലെ ഒരംഗത്തെയെങ്കിലും വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലായി സ്വീകരിക്കാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ റവന്യൂ ഇ-സാക്ഷരത നടപ്പാക്കുമെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മുളവന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
യുവജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ റവന്യൂ ഇ-സാക്ഷരത പദ്ധതി നടപ്പാക്കും. പൂര്‍ണമായും ഇ-ഫയലിങ് സമ്പ്രദായത്തിലേക്ക് മാറുന്നതോടെ സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ അതിവേഗത്തില്‍ ലഭ്യമാകും. സംസ്ഥാനത്ത് ഇനിയും ഭൂമി ലഭ്യമാക്കാനുള്ളവരുടെ എണ്ണം കൃത്യമായി കണക്കാക്കി 140 മണ്ഡലങ്ങളിലെയും എം എല്‍ എമാരുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ പട്ടയമിഷന്‍ യാഥാര്‍ഥ്യമാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പി സി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, വൈസ് പ്രസിഡന്റ് ആര്‍ ഓമനക്കുട്ടന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ശ്യാം, ഗ്രാമ പഞ്ചായത്ത് അംഗം ജെ സുധാദേവി, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, എ ഡി എം ആര്‍ ബീനാറാണി, കൊല്ലം തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments