*എന്റെ കേരളം പ്രദര്‍ശന വിപണന മേള;* *വാഹന പ്രചാരണ യാത്രയ്ക്ക് തുടക്കമായി*
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വാഹന പ്രചാരണ യാത്രയ്ക്ക് തുടക്കമായി. രാവിലെ 10 ന് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലുടനീളം വാഹനം പര്യടനം നടത്തും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികള്‍ വിശദീകരിക്കുന്ന ഡോക്യുമെന്ററികള്‍ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന മീഡിയ വാളില്‍ പ്രദര്‍ശിപ്പിക്കും. 28 ന് തുടങ്ങുന്ന പ്രദര്‍ശന മേളയുടെ അനൗണ്‍സ്‌മെന്റിനുള്ള സൗകര്യവും വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും അവതരിപ്പിക്കപ്പെടുന്ന മേളയില്‍ പൊതുജനങ്ങള്‍ക്കായി ഒട്ടേറെ സേവനങ്ങള്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൃഷി, മൃഗസംരക്ഷണം, മാലിന്യസംസ്‌കരണം തുടങ്ങിയ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന ഒട്ടേറെ വിഷയങ്ങളില്‍ വൈജ്ഞാനിക സെമിനാറുകളും നടക്കും. ഒട്ടേറെ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്ന മേളയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ തോതില്‍ ജനങ്ങളെത്തുമെന്നാണ് കരുതുന്നത്.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് ജി എസ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ യാസിര്‍ ടി എ, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം;
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വാഹനപ്രചാരണ യാത്ര ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
- Log in to post comments