യുവജനങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന് നൈപുണ്യ വികസന സെമിനാര്‍
യുവതയുടെ കേരളം എന്ന സന്ദേശവുമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി 'നൈപുണ്യ വികസനം' എന്ന വിഷയത്തില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. യുവജനതയ്ക്ക് സാങ്കേതികവിദ്യാ രംഗത്ത് ദിശാബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആശയങ്ങളെ നൈപുണ്യവുമായി യോജിപ്പിച്ച് കൊണ്ടുപോകാന്‍ യുവജനങ്ങള്‍ ശ്രമിക്കണം. പരിശീലനവും പരിചയസമ്പത്തും നൈപുണ്യവും വിദ്യാര്‍ഥികളെ ലക്ഷ്യത്തിലെത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ആശയവിനിമയ ശേഷി, വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവ്, നേതൃത്വശേഷി, ക്ഷമ, ശ്രദ്ധ, പ്രശ്നപരിഹാര മികവ്, കൃത്യമായ തീരുമാനം എടുക്കാനുള്ള കഴിവ്, സംരംഭക നൈപുണ്യം തുടങ്ങി വിവിധതരം ശേഷികളെ സംബന്ധിച്ച പ്രായോഗികമാര്‍ഗങ്ങള്‍ ഉദാഹരണസഹിതം സെമിനാറില്‍ അവതരിപ്പിച്ചു. എബ്രഹാം ലിങ്കണ്, മാര്ട്ടിന് ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, എ പി ജെ അബ്ദുള്‍ കലാം, സതീഷ് ധവാന്, ധീരുബായ് അംബാനി എന്നിവരുടെ ജീവിതകഥകള്‍ ഉദ്ധരിച്ച് വിവിധ ശേഷികള്‍ എങ്ങിനെ ആര്‍ജിച്ചെടുക്കാമെന്ന പാഠം യുവജനങ്ങളിലേക്ക് എത്തിക്കാന്‍ അവതാരകര്‍ക്ക് സാധിച്ചു. പുതുതലമുറയും നൈപുണ്യങ്ങളും എന്ന വിഷയത്തില്‍ വ്യക്തിഗത പരിശീലകന് ഡി. ഹരികുമാര്‍ ക്ലാസ് നയിച്ചു. നിര്‍മിത ബുദ്ധി, ചാറ്റ് ജിപിടി തുടങ്ങിയ പുതുസാങ്കേതികവിദ്യകളുടെ പ്രാഥമികതലങ്ങള് പരിചയപ്പെടുത്തി 'വളരുന്ന സാങ്കേതികവിദ്യയും നൈപുണ്യവും' എന്ന വിഷയത്തില്‍ പൈനാവ് ഗവ. എഞ്ചിനീയറിംങ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഋഷിദാസ് എസ് ക്ലാസ് നയിച്ചു. അഭിരുചി മനസിലാക്കി അനുയോജ്യമായ കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും നൈപുണ്യം ഇതില്‍ പ്രാധാന പങ്ക് വഹിക്കുന്നുവെന്നും സെമിനാറില്‍ വിലയിരുത്തി. ക്ലാസുകള്‍ക്കൊടുവില്‍ സംവാദവും ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു. ചോദ്യങ്ങള്‍ക്ക് ശരിയുത്തരം പറഞ്ഞ് നിരവധി വിദ്യാര്‍ഥികള്‍ സമ്മാനം നേടി. കട്ടപ്പന ഗവ. ഐ ടി ഐ, നാടുകാണി ഗവ. ഐ ടി ഐ, തൊടുപുഴ വെങ്ങല്ലൂര്‍ ഗുരു ഐ ടി ഐ എന്നിവിടങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബുവര്‍ഗീസ്, കെയിസ് ജില്ലാ സ്കില്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് കുമാര്‍ കെ.എ, എന്റെ കേരളം അക്കേമെഡേഷന് കമ്മിറ്റി ചെയര്മാന് അനില്‍ കൂവപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments