Skip to main content

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ പ്രവാഹം 

    കാലവര്‍ഷം ദുരിതം വിതച്ച ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്ക് സഹായപ്രവാഹം തുടരുന്നു. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയാണ് കണ്ണൂര്‍ കലക്േ്രടറ്റിലേക്കും ഇരിട്ടി താലൂക് ഓഫിസിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് പൊതുജനങ്ങളും സംഘടനകളും ഒരുമനസ്സോടെ മുന്നിട്ടിറങ്ങി.
    ഇരിട്ടിയില്‍ നിലവില്‍ ആറു ക്യാമ്പുകളിലായി 105 കുടുംബങ്ങളിലെ 416 അംഗങ്ങളാണ് കഴിയുന്നത്. ഇവര്‍ക്കുള്ള സാധനങ്ങള്‍ എത്തിക്കഴിഞ്ഞതോടെ ഇനി ധനസഹായം സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ഇതിനുപുറമെ ക്ലീനിങ് സാമഗ്രികളും സ്വീകരിക്കുന്നുണ്ട്. 15 ക്വിന്റലോളം അരിയാണ് തിങ്കളാഴ്ച മാത്രം കലക്േ്രടറ്റിലെത്തിയത്. പായ, ബക്കറ്റ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, സോപ്പ്, സോപ്പ് പൊടി, വെളിച്ചെണ്ണ, വിവിധ പാത്രങ്ങള്‍, ഗ്ലാസ്സുകള്‍, ബിസ്‌കറ്റുകള്‍, സാനിറ്ററി നാപ്കിനുകള്‍, വസ്ത്രങ്ങള്‍, കുപ്പിവെള്ളം, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് കലകട്രേറ്റിലും ഇരിട്ടി താലൂക്ക് ഓഫീസിലും എത്തിയത്. വീട്ടുപകരണങ്ങള്‍ക്ക് പുറമേ ദുരന്ത ബാധിത പ്രദേശങ്ങള്‍ വീണ്ടെടുക്കുന്നതിനായി മണ്‍വെട്ടികള്‍, കൊട്ടകള്‍, ബൂട്ടുകള്‍ തുടങ്ങിയവയും വിവിധ വ്യക്തികളും സംഘടനകളും കണ്‍ട്രോള്‍ റൂമുകളിലേക്കെത്തിച്ചു. 
    ഇരിട്ടി താലൂക്ക് ഓഫിസില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും താലൂക്കിലെ മറ്റുപ്രദേശങ്ങളിലേക്കും ആവശ്യമായ സാധനങ്ങള്‍ എത്തിയതോടെ കലക്ട്രേറ്റില്‍ നിന്നുള്ള സാധങ്ങള്‍ ജില്ലയിലെ ദുരിതം ബാധിച്ച മറ്റ് പ്രദേശങ്ങളിലേക്കാണ് വിതരണം ചെയ്തത്. ആദിവാസി കോളനികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്യും. 
    കേരള സ്‌ക്രാപ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ദുരന്തബാധിത പ്രദേശത്ത് വിതരണം ചെയ്യാനായി കൊണ്ടുവന്ന സാധനങ്ങള്‍ കളക്ടര്‍ മീര്‍ മുഹമ്മദ് അലിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും ചേര്‍ന്ന് ഏറ്റുവാങ്ങി. നിത്യോപയോഗ പാത്രങ്ങള്‍ അടങ്ങിയ 40 കിറ്റുകളും ബക്കറ്റ്, ജഗ്ഗ്, മഗ്ഗ്, പായ, പ്ലേറ്റ്, കയില്‍, ബേസിന്‍, സ്റ്റീല്‍ ഗ്ലാസ്സ്, നോട്ടുബുക്കുകള്‍ പേനകള്‍ പെന്‍സിലുകള്‍ എന്നിവയാണ് സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇരിട്ടിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാനെത്തിച്ചത്. കണ്ണൂര്‍ ടൗണ്‍ വാക്കേഴ്‌സ് ക്ലബ്ബ് എത്തിച്ച ഉപകരണങ്ങളും ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങി. രണ്ട് അര്‍ബാന, 50 കൊട്ടകള്‍, 100 വീതം ബൂട്ടുകളും ഗ്ലൗസുകളും, വാക്കത്തികള്‍, മണ്‍വെട്ടികള്‍ തുടങ്ങിയവയാണ് വാക്കേഴ്‌സ് ക്ലബ്ബ് എത്തിച്ചത്.  
    ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നയാളുകള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ഇത്തരം സഹായങ്ങളെന്ന് കലക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. വീട്ടുപകരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നിരവധിപ്പേരാണ് ധനസഹായം നല്‍കുന്നത്. ഓള്‍ ഇന്ത്യ ബി എസ് എന്‍ എല്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) എന്‍ കെ അബ്രഹാമിന് അസോസിയേഷന്‍ നേതാക്കളായ പി വി ഉണ്ണികൃഷ്ണന്‍, കെ കുഞ്ഞിരാമന്‍, കാരായി ശ്രീധരന്‍, കെ ശാന്തകുമാര്‍, കെ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്. 
 

date